ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി 12 വർഷത്തിന് ശേഷം പിടിയില്‍

ആലപ്പുഴ: മോഷണ കുറ്റത്തിന് അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി 12 വർഷത്തിനു ശേഷം അറസ്റ്റിൽ. ആലപ്പുഴ റെയില്‍വേ ക്വാട്ടേഴ്സില്‍ അനില്‍പ്രസാദ് (38) ആണ് പിടിയിലായത്. ആലപ്പുഴ സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായിരുന്നു. ഇയാളെ തിരുവനന്തപുരം കഴക്കൂട്ടത്തെ വാടകവീട്ടില്‍ നിന്നുമാണ് പിടികൂടിയത്.

തിരുവനന്തപുരത്ത് താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ എം കെ രാജേഷും സംഘവും പ്രതിയുടെ താമസസ്ഥലത്ത് എത്തിയപ്പോള്‍ ഇയാള്‍ ആക്രമണകാരികളായ പട്ടികളെ തുറന്നുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് ഇയാളെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഏഴ് വാറണ്ട് ഉണ്ട്. ആലപ്പുഴ എക്സൈസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലും പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റെ് ചെയ്തു. 

Read more: സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച കേസ്;പ്രധാനാധ്യാപികയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

അതേസമയം, വയനാട് വൈത്തിരിയിൽ തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അരിയല്ലൂര്‍ സ്വദേശിയായ അരുളി(40) ന്റെ മരണത്തില്‍ തമിഴ്‌നാട് അരിയൂര്‍മുത്ത് സെര്‍വാ മഠം സ്വദേശിയായ രമേശിനെ (43) യാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. അസ്വഭാവിക മരണമെന്ന് കാണിച്ച് നേരത്തെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിനൊടുവിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്. ഒക്ടോബർ 30ന് രാത്രിയാണ് കൊലപാതകം നടന്നത്.

ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് റോഡില്‍ കുഴി വെട്ടുന്നതടക്കമുള്ള ജോലികള്‍ക്കായി തമിഴ്‌നാട്ടില്‍ നിന്നും എത്തിയ സംഘത്തിലുള്‍പ്പെട്ട തൊഴിലാളിയാണ് മരണപ്പെട്ട അരുള്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 ന് വൈകുന്നേരം വൈത്തിരി പൊഴുതന ആറാം മൈലില്‍ തൊഴിലാളികള്‍ താമസിച്ചു വന്നിരുന്ന വാടക വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് ഒരുമിച്ചിരുന്നു കഴിക്കുന്നതിനിടെയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ച സംഭവം അരങ്ങേറിയത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം