ബന്ധുവിന്‍റെ മകനെതിരെ നടപടിയെടുത്തതിന് പൊലീസ് ഉദ്യോഗസ്ഥന് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വക തെറി അഭിഷേകവും ഭീഷണിയും
ആലപ്പുഴ: ബന്ധുവിന്‍റെ മകനെതിരെ നടപടിയെടുത്തതിന് പൊലീസ് ഉദ്യോഗസ്ഥന് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വക തെറി അഭിഷേകവും ഭീഷണിയും. കഞ്ഞിക്കുഴി ലോക്കല്‍ സെക്രട്ടറി ഹെബിൻ ദാസാണ് ആലപ്പുഴ നര്‍ക്കോട്ടിക്സ് സെല്ലിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഷൈനിനെ ഫോണില്‍ അസഭ്യം പറഞ്ഞത്. ഇവർ തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു
കഞ്ഞിക്കുഴിയില്‍ കാടുപിടിച്ച് കിടക്കുന്ന ഒറ്റപ്പെട്ട സ്ഥലത്ത് സ്കൂൾ വിദ്യാര്‍ഥികൾ പതിവായി വന്നു പെോകുന്നതായി പൊലീസിന് വിവരം ലഭിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ആലപ്പുഴ എസ്പി യുടെ നര്‍കോട്ടിക്സ് സ്ക്വാഡിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഷൈന്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി.
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളും ആണ്‍കുട്ടികളും സംഘത്തിലുണ്ടായിരുന്നു. മാതാപിതാക്കളുടെ ഫോൺ നന്പര്‍ ശേഖരിച്ച്, ഉപദേശം നല്‍കിയ ശേഷം ആദ്യം പെണ്‍കുട്ടികളേയും പിന്നീട് ആണ്‍കുട്ടികളെയും വിട്ടയച്ചു. വിട്ടയച്ച ആണ്‍കുട്ടികള്‍ തിരിച്ചെത്തി പൊലീസ് സംഘത്തെ അസഭ്യം പറഞ്ഞതോടെയാണ് ചിത്രം മാറുന്നത്. ഇവരെയും കൊണ്ട് സ്റ്റേഷനിലെത്തിയ പൊലീസ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ആൺട്ടികളില്‍ ഒരാള്‍ കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി കമ്മിറ്റി സെക്രട്ടറി ഹെബിന് ദാസിന്റെ അടുത്ത ബന്ധുവിന്‍റെ മകനാണെന്ന് മനസ്സിലായി.
തുടർന്ന് ഇക്കാര്യം സംസാരിക്കാന്‍ ഷൈന്‍, ഹെബിന്‍ ദാസിനെ വിളിക്കുന്നതോടെയാണ് കേട്ടലാറക്കുന്ന ഭാഷയിൽ അസഭ്യവര്‍ഷം തുടങ്ങുന്നത്. ആവശ്യമില്ലാതെ ഇടപെട്ടാല്‍ വിവരമറിയുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. ടെലിഫോൺ സംഭാഷണംപുറത്ത് വന്നിട്ടും നിയമനടപടി സ്വീകരിക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. പി കൃഷ്ണപിള്ള ദിനാചരണത്തിന്‍റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്ന് ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തുകയാണ്. ഈ ദിവസം നോക്കി സിപിഎമ്മിലെ ഒരു വിഭാഗം ഫോണ്‍ സംഭാഷണം പുറത്ത് വിട്ടു എന്നതും ശ്രദ്ധേയമാണ്.

