ഇതിനിടെയാണ് ജിമ്മിയെയും മറ്റു ചില യൂവാക്കളെയും  പരിസരത്ത് കണ്ടെന്ന  വിവരം പോലീസിന് ലഭിക്കുന്നത്. ഇതാണ് വഴിത്തിരിവായത്. കസ്റ്റഡിയിലെടുത്തതോടെ ജിമ്മി കുറ്റം സമ്മതിച്ചു

ഇടുക്കി: അടിമാലിയില്‍ ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ ഒരാൾക്ക് മാത്രമെ പങ്കുള്ളൂവെന്ന് പോലീസ്. ബൈക്കോടിച്ച ചെങ്കുളം സ്വദേശി നാലാനിക്കൽ ജിമ്മിയെ റിമാന്‍റു ചെയ്തു. ജിമ്മി വഴിയിലുപേക്ഷിച്ച ചന്ദ്രന്‍ സമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചതോടെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്.

ചെങ്കുളം അണക്കെട്ടിന് സമീപം പാതയോരത്ത് ബുധനാഴ്ച്ചയാണ് ചന്ദ്രനെ മരിച്ച നിലയില്‍ കാണുന്നത്. നട്ടെല്ലിനുണ്ടായ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവും മരണകാരണമായെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ പോലീസ് കോലപാതക സാധ്യത മുന്നില്‍ കണ്ട് അന്വേഷണം തുടങ്ങി. സമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ ചന്ദ്രന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന ഡോക്ടര്‍മാരുടെ മോഴിയും ഇതിന് കാരണമായി. 

ഇതിനിടെയാണ് ജിമ്മിയെയും മറ്റു ചില യൂവാക്കളെയും പരിസരത്ത് കണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. ഇതാണ് വഴിത്തിരിവായത്. കസ്റ്റഡിയിലെടുത്തതോടെ ജിമ്മി കുറ്റം സമ്മതിച്ചു. രാത്രിയില്‍ ചെങ്കുളം അണക്കെട്ടിന് സമീപമുള്ള ജംഗ്ഷനില്‍ നിന്നും ചന്ദ്രന്‍ ബൈക്കില്‍ കയറിയെന്ന് ജിമ്മി മോഴി നല്‍കി. രണ്ടു കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ അപടത്തില്‍ പെട്ടു. പ്രദേശത്ത് ആരുമില്ലെന്ന് ഉറപ്പായതോടെ ഉപേക്ഷിച്ചു പോയെന്നായിരുന്നു ജിമ്മിയുടെ മൊഴി. ഇതോടെ പോലീസ് ജിമ്മിയെ അറസ്റ്റുചെയ്തു.

കൂടുതല്‍ ചോദ്യം ചെയ്തപ്പോളും കൂടെ ആരുമില്ലെന്ന നിലപാടില്‍ ജിമ്മി ഉറച്ചു നിന്നു. അപകടം നടക്കുന്ന സ്ഥലത്തിന് മുമ്പും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷമാണ് ജിമ്മി മാത്രമാണ് കുറ്റക്കാരനെന്ന് പോലീസ് ഉറപ്പിച്ചത്. യുവാവിനെതിരെ 304 വകുപ്പ് പ്രകാരം കുറ്റകരമായ നരഹത്യക്കാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയാള്‍ ഓടിച്ചിരുന്ന ബൈക്കും പോലീസ് കണ്ടെടുത്തു. അടിമാലി കോടതിയില്‍ ഹാജരാക്കിയ ജിമ്മിയെ റിമാന‍്റ് ചെയ്തു.