മുമ്പ് പുസ്തകം വായിക്കാത്തവർ പോലും ഇപ്പോൾ ഓടി വരുന്നുണ്ടെന്നും ഈ സാഹസികത കുട്ടികൾക്ക് വല്ലാണ്ടങ്ങ് പിടിച്ചുവെന്നാണ് അധ്യാപകർ പറയുന്നത്. 

കണ്ണൂർ: വായനയുടെ ലോകത്തേക്ക് കുട്ടികളെ ആക‌ർഷിക്കാനായി പുത്തൻ വിദ്യ കണ്ടെത്തിയിരിക്കുകയാണ് കണ്ണൂ‍ർ നരവൂർ സൗത്ത് എൽപി സ്കൂൾ. ഏറുമാടത്തിൽ വായനശാല ഒരുക്കിയാണ് അധ്യാപകരുടെ പുതിയ പരീക്ഷണം. വായനയോടൊപ്പം സാഹസികത കൂടി ചേർന്ന ഏറുമാടത്തിലേക്കെത്താൻ കുട്ടികളുടെ വലിയ തിരക്കാണ്.

രാവിലെ സ്കൂളിലെത്തിയാൽ കുട്ടികളിപ്പോൾ ആദ്യം ഓടിവരുക ഈ സാഹസിക വായനശാലയിലേക്കാണ്. ഓടി കയറുക മാത്രമല്ല, പുസ്തകം വായിക്കാതെ ആരും പുറത്തിറങ്ങുകയുമില്ല. ഇതിന് മുമ്പ് പുസ്തകം വായിക്കാത്തവർ പോലും ഇപ്പോൾ ഓടി വരുന്നുണ്ടെന്നും ഈ സാഹസികത കുട്ടികൾക്ക് വല്ലാണ്ടങ്ങ് പിടിച്ചുവെന്നാണ് അധ്യാപകർ പറയുന്നത്. 

മക്കളിൽ വായനാശീലം വളർത്തിയെടുക്കാൻ അധ്യാപകർ തന്നെയാണ് ഈ ഐഡിയ കണ്ടുപിടിച്ചത്. നാട്ടില് കണ്ട് ശീലമില്ലാത്ത ഏറുമാടം കുട്ടികളിലേക്കെത്തിക്കാൻ മുളയും വൈക്കോലുമായി ഒഴിവ് സമയത്ത് അധ്യാപകർ ഒന്നിച്ചു. ഒന്നിച്ചിരുന്ന് കഥ പറഞ്ഞും പാട്ട് പാടിയും ഒഴിവ് സമയം കുട്ടികൾ ഇപ്പോൾ ഇവിടെ തന്നെയാണ്. വായന വളർത്താൻ അധ്യാപർ കണ്ട് പിടിച്ച വിദ്യ എന്തായാലും ഡബിൾ ഓകെ.