എറണാകുളത്ത് അഭിഭാഷകനായ ഡെയ്സൺ കോമത്തിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ വധശ്രമത്തിന് പോലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാത്തതിൽ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാണ്.
കൊച്ചി: അഭിഭാഷകനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഞായറാഴ്ച എറണാകുളം ചാത്യാത്ത് റോഡിലാണ് സംഭവം. കാറിൽ സഞ്ചരിച്ച യുവതിയും യുവാവും സ്‌കൂട്ടറിൽ പോയ അഭിഭാഷകനെ പിന്തുടർന്ന് ചെന്ന് ബോധപൂർവം ഇടിച്ചുവീഴ്ത്തിയെന്നാണ് ആരോപണം. സംഭവത്തിൽ പരിക്കേറ്റ അഡ്വ. ഡെയ്സൺ കോമത്ത് കൊച്ചി സിറ്റി പൊലീസിന് പരാതി നൽകി. ബോധപൂർവം അപകടത്തിൽപെടുത്തി വധിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിലെ ആരോപണം.
കാറിലുണ്ടായിരുന്ന ഇരുവരെയും കണ്ടാൽ അറിയാമെന്നാണ് അഭിഭാഷകൻ പറയുന്നത്. ഇവരിൽ ഒരാൾ സ്ത്രീയാണ്. സംഭവത്തിൽ പ്രതികളായവർ പുറത്തുവിട്ട ഡാഷ് ക്യാം ദൃശ്യങ്ങൾ വാട്‌സ്ആപ്പ് വഴി തനിക്കും കിട്ടിയെന്നും ഇതിൻ്റെ കൂടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും അഭിഭാഷകൻ പറയുന്നു.
അഭിഭാഷകൻ്റെ പരാതിയിൽ വധശ്രമം അടക്കം വകുപ്പുകൾ ചേർത്ത് എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയാത്ത പോലീസിൻ്റെ നടപടിയിൽ അഭിഭാഷകരുടെ ഭാഗത്ത് പ്രതിഷേധം ഉയരുന്നുണ്ട്.


