തിരുവനന്തപുരം നഗരത്തിലെ തോടുകളും പാതയോരങ്ങളും മാലിന്യക്കൂമ്പാരമായ സാഹചര്യത്തിൽ, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തര മാലിന്യസംസ്കരണത്തിന് കോർപ്പറേഷൻ സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, മാലിന്യം പൂർണമായി നീക്കാനും സ്ഥിരം സംവിധാനം ഏർപ്പെടുത്താനും ഉത്തരവിട്ടു.

തിരുവനന്തപുരം : നഗരത്തിലെ തോടുകളും പാതയോരങ്ങളും മാലിന്യകൂമ്പാരമായി മാറിയെന്ന് പരാതികളുയരുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തരവും ഫലപ്രദവുമായ മാലിന്യസംസ്കരണത്തിന് കോർപ്പറേഷൻ സെക്രട്ടറി മുൻകൈയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ നഗരങ്ങളിൽ രൂപപ്പെട്ട മാലിന്യക്കൂമ്പാരങ്ങൾ വാർത്തകളായിരുന്നു. പഴവങ്ങാടി തോട്, തെക്കനംകര കനാൽ, ശ്രീവരാഹം മാർക്കറ്റ് ജംഗ്ഷൻ, കഴക്കൂട്ടം-കാരോട് ദേശീയപാത, അട്ടക്കുളങ്ങര-കിള്ളിപ്പാലം ബൈപ്പാസ്, ഈഞ്ചക്കൽ, കനകനഗർ എന്നീ സ്ഥലങ്ങളിലാണ് മാലിന്യം തള്ളുന്നതായി കണ്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ മേൽനോട്ടം വഹിക്കണം. ക്ലീൻ സിറ്റി മാനേജരുടെ നേതൃത്വത്തിൽ പരാതിയുള്ള പ്രദേശങ്ങളുടെ ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ സ്ഥലപരിശോധന നടത്തി മാലിന്യ സംസ്ക്കരണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണം. നിലവിലുള്ള മാലിന്യങ്ങൾ പൂർണമായും നീക്കണം. ഇറിഗേഷൻ വകുപ്പിന്‍റെ സഹകരണത്തോടെ കനാലുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കോർപ്പറേഷൻ മുൻകൈയെടുക്കണം. സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് സമയം പാഴാക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 

ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കുള്ളിൽ കോർപ്പറേഷൻ സെക്രട്ടറി കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം. കോർപ്പറേഷൻ സ്വീകരിക്കുന്ന നടപടികൾ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ നിരീക്ഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകണം. കനാലുകൾ വൃത്തിയാക്കണം. പരാതിക്കിട നൽകാത്ത വിധത്തിൽ മാലിന്യസംസ്കരണത്തിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തണം.

സ്വീകരിച്ച നടപടികൾ പ്രിൻസിപ്പൽ ഡയറക്ടർ മൂന്നാഴ്ചക്കകം കമ്മീഷനിൽ സമർപ്പിക്കണം. ഓഗസ്റ്റ് 4 ന് രാവിലെ 10 ന് പിഎംജി ജംഗ്ഷനിലെ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ പ്രിൻസിപ്പൽ ഡയറക്ടർക്ക് വേണ്ടി ജോയിന്‍റ്/അഡീഷണൽ ഡയറക്ടറും കോർപ്പറേഷൻ സെക്രട്ടറിയെ പ്രതിനിധീകരിച്ച് ക്ലീൻസിറ്റി മാനേജരും ഹാജരാകണമെന്നും നിർദേശത്തിലുണ്ട്. അതേസമയം, നഗരത്തിൽ മാലിന്യം തള്ളുന്നത് സിപിഎമ്മുകാരാണെന്നാണ് കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിയുടെ ആരോപണം.