ഒച്ചുകളുടെ സാന്നിധ്യം മനുഷ്യരില്‍ മസ്തിഷ്ക ജ്വരത്തിനു കാരണമാകുമെന്ന ആരോഗ്യവകുപ്പ് മുന്നറിയിപ്പും നാട്ടുകാരെ പേടിപ്പിക്കുന്നു...

കൊല്ലം: പടരുന്ന കൊവിഡിനൊപ്പം കൃഷി നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യവും കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ജനജീവിതം ദുസഹമാക്കുന്നു. കൊട്ടാരക്കരയ്ക്കടുത്ത് എഴുകോണ്‍ പഞ്ചായത്തിലാണ് ഒച്ച് ശല്യം വ്യാപകമായിരിക്കുന്നത്. ചുവരില്‍ നിറയെ ഒച്ച്. കൃഷിയിടത്തില്‍ നിറയെ ഒച്ച്. ചന്തയിലും നാട്ടുവഴികളിലുമെല്ലാം ഒച്ച്. എന്തിന് എഴുകോണ്‍ പഞ്ചായത്തിലെ വീടുകളുടെ ഉളളില്‍ പോലും ഇപ്പോള്‍ നിറയുകയാണ് ഈ ആഫ്രിക്കന്‍ ഒച്ച്. നാട്ടിലെ കൃഷിയിടങ്ങളിലുണ്ടാകുന്ന വിളകളത്രയും നശിപ്പിക്കുകയാണ് പെരുകുന്ന ഒച്ചിന്‍ കൂട്ടം. പച്ചക്കറിയും, പപ്പായയും, വാഴയുമാണ് ഒച്ചിന്‍റെ ആക്രമണത്തില്‍ നശിച്ചു വീഴുന്നത്.

കല്ലുപ്പു വിതറിയും, തുരിശ് പ്രയോഗിച്ചുമെല്ലാം ഒച്ചിന്‍കൂട്ടത്തെ ഓടിക്കാന്‍ പെടാപ്പാട് പെടുകയാണ് ഗ്രാമവാസികള്‍. പക്ഷേ എന്തൊക്കെ ചെയ്തിട്ടും ഒച്ചിന്‍ കൂട്ടത്തെ പൂര്‍ണമായും തുരത്താനാകുന്നില്ല. ഒച്ചുകളുടെ സാന്നിധ്യം മനുഷ്യരില്‍ മസ്തിഷ്ക ജ്വരത്തിനു കാരണമാകുമെന്ന ആരോഗ്യവകുപ്പ് മുന്നറിയിപ്പും നാട്ടുകാരെ പേടിപ്പിക്കുന്നു. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നെത്തിയ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം ശുചീകരണ യജ്ഞത്തിനുളള തയാറെടുപ്പിലാണ് എഴുകോണ്‍ ഗ്രാമം.