Asianet News MalayalamAsianet News Malayalam

പടര്‍ന്ന് കയറി ആഫ്രിക്കന്‍ പന്നിപ്പനി; കട്ടപ്പനയില്‍ 128 പന്നികൾ ചത്തു, 12 പന്നികളെ ദയാവധം ചെയ്‌തു

12 ദിവസങ്ങൾക്ക് ശേഷമാണ് പന്നിപ്പനി സ്ഥിരീകരിച്ചെന്ന് കാണിച്ച് ലാബില്‍ നിന്നും റിപ്പോര്‍ട്ട് എത്തിയത്. ഈ സമയത്തിനുള്ളില്‍ ഫാമിലെ 128 പന്നികൾ ചത്തിരുന്നു. 

African swine fever Outbreak at Kattappana
Author
First Published Dec 9, 2022, 12:40 PM IST


കട്ടപ്പന: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കട്ടപ്പന കൊച്ചുതോവാളയിൽ സ്വകാര്യ വ്യക്തിയുടെ ഫാമിലെ 12 പന്നികളെ ദയാവധം ചെയ്‌തു. കൊച്ചുതോവാള നിരപ്പേൽകട ഭാഗത്ത് ചേന്നാട്ട് ഷാജിയുടെ ഫാമിലെ പന്നികളെയാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രത്യേക ടീം എത്തി ദയാവധം ചെയ്‌തത്. ഫാമിലെ 140 പന്നികളാണ് ഇതോടെ ചത്തത്. ഇടുക്കിയില്‍ തൊടുപുഴ നഗരസഭ 17 -ാം വാര്‍ഡ് കട്ടപ്പന നഗരസഭ 12-ാം വാര്‍ഡ്, ഉപ്പുതറ പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകള്‍, വാത്തിക്കിക്കുടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് എന്നിവിടങ്ങളിലെ പന്നിഫാമുകളില്‍ രോഗം ഇതിനകം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസങ്ങളില്‍ കണ്ണൂരിലും വയനാട്ടിലും തൃശ്ശൂരും പാലക്കാട്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. 

രണ്ടാഴ്ച്ച മുമ്പാണ് ഫാമിലെ ആദ്യ പന്നി ചത്ത് വീണത്. അപ്പോൾ തന്നെ മൃഗസംരക്ഷണ വകുപ്പിൽ അറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ശേഖരിച്ച രണ്ട് സാംപിളുകൾ ഭോപ്പാൽ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ ലാബുകളിലേയ്ക്കാണ് പരിശോധനയ്ക്ക് അയച്ചത്. 12 ദിവസങ്ങൾക്ക് ശേഷമാണ് പന്നിപ്പനി സ്ഥിരീകരിച്ചെന്ന് കാണിച്ച് ലാബില്‍ നിന്നും റിപ്പോര്‍ട്ട് എത്തിയത്. 

ഈ സമയത്തിനുള്ളില്‍ ഫാമിലെ 128 പന്നികൾ ചത്തിരുന്നു. ബാക്കി വന്ന 12 എണ്ണത്തിനെയാണ് ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. നിശാന്ത് എം. പ്രഭയുടെ നേതൃത്വത്തിലുള്ള സംഘം ദയാവധം നടത്തിയത്. കട്ടപ്പന വില്ലേജ് ഓഫീസർ എം.ജെ. ജോർജുകുട്ടിയുടെ സാന്നിധ്യത്തിൽ ഡോ. ജയ്‌സൺ ജോർജ്, ഡോ. ഗദ്ദാഫി, ഡോ. പാർത്ഥിപൻ, ഡോ. ഗീതമ്മ തുടങ്ങിയവർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. 

ഇതോടെ രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവില്‍പ്പെടുന്ന സ്ഥലങ്ങള്‍ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവില്‍പ്പെടുന്ന സ്ഥലങ്ങള്‍ രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ നിന്ന്, പന്നി മാംസ വിതരണവും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് പന്നിമാംസം കൊണ്ട് പോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ട് വരുന്നതും താൽക്കാലികമായി നിരോധിച്ചു. 

കൂടുതല്‍ വായനയ്ക്ക്:  പാലക്കാട് മുതലമടയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു, മുന്‍കരുതലുകള്‍ സ്വീകരിക്കണം

കൂടുതല്‍ വായനയ്ക്ക്:   ആഫ്രിക്കന്‍ പന്നിപ്പനി: വയനാട്ടില്‍ ഇതുവരെ കൊന്നൊടുക്കിയത് നാനൂറിലധികം പന്നികളെ

 

Follow Us:
Download App:
  • android
  • ios