കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ 1998ല്‍ നടന്ന ഏഴ് കവര്‍ച്ചാക്കേസുകളില്‍ പൊലീസ് പ്രതിയാക്കിയെങ്കിലും കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടതിന്റെ ആശ്വാസത്തിലാണ് തമിഴ്നാട് സ്വദേശി വെങ്കിടേഷ്. മാതാപിതാക്കള്‍ക്കൊപ്പം ജോലിക്കായി കോഴിക്കോടെത്തിയ വെങ്കിടേഷിനെ കവര്‍ച്ചക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

തുടര്‍ന്ന് മറ്റ് ആറ് കേസുകള്‍ കൂടി പൊലീസ് വെങ്കിടേഷില്‍ വെച്ചുകെട്ടി. എന്നാല്‍ ഈ കേസുകളില്‍ ജാമ്യമെടുത്ത് തമിഴ്‌നാട്ടിലേക്ക് മടങ്ങിയെങ്കിലും 20 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റുവാറണ്ടുമായി വെങ്കിടേഷിനെ തിരഞ്ഞെത്തുകയായിരുന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോടതിയില്‍ നിന്നും വെങ്കിടേഷിന് നീതി ലഭിച്ചു. സത്യം തെളിഞ്ഞെങ്കിലും ഇനി കേരളത്തിലേക്കില്ലെന്ന് വെങ്കിടേഷ് പറഞ്ഞു. 

തമിഴ്‌നാട് സേലം സ്വദേശി വെങ്കടേഷിനെയാണ് മതിയായ തെളിവുകളുടെ അഭാവം ചൂണ്ടികാട്ടി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് വെറുതെവിട്ടത്. അഡ്വക്കറ്റ് എം. മുഹമ്മദ് ഫിര്‍ദൗസാണ് വെങ്കിടേഷിനുവേണ്ടി കേസുകളെല്ലാം വാദിച്ചത്. പൊലീസ് തന്റെ പേരില്‍ ചെയ്യാത്ത കുറ്റങ്ങള്‍ ചാര്‍ത്തി കേസുകള്‍ എടുക്കുകയായിരുന്നുവെന്ന് വെങ്കിടേഷ് പറഞ്ഞു. 

ശാരീരിക മര്‍ദ്ദനങ്ങള്‍ക്ക് പുറമേ, പൊലീസ് ഭാഷ്യം ഏറ്റുപറയാന്‍ മുളക് പൊടി മുഖത്തിട്ട് വരെ സമ്മര്‍ദ്ദം ചെലുത്തി. അമ്മയും അച്ഛനും ഒരുപാട് വേദന അനുുഭവിച്ചു. ഏഴ് കേസുകളില്‍ പ്രതിയായ തന്നെ നാട്ടിലും വീട്ടിലും മോഷ്ടാവെന്ന് പലരും വിളിച്ചു. സേലത്തെ തിരുട്ടുഗ്രാമത്തില്‍ നിന്നെത്തിയവന്‍ എന്നുപോലും പ്രചരിപ്പിച്ചു. എന്നാല്‍, 22 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ തമിഴ്നാട് സ്വദേശി വെങ്കിടേഷ് നിരപരാധിയെന്ന് കോടതി വിധിയെഴുതിയപ്പോള്‍ ആ കണ്ണുകളില്‍ പ്രകാശം നിറഞ്ഞു. 

ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടാണ് വെങ്കിടേഷ് കോടതി മുന്നറ്റത്തേക്കിറങ്ങിയത്. ഏഴ് കവര്‍ച്ചാകേസുകളിലും  വെങ്കിടേഷ് കുറ്റക്കാരനല്ലെന്നാണ് കോഴിക്കോട് മുന്‍ജിസിഫ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധി. 1998ലാണ് കോഴിക്കോട് നഗരപരിധിയില്‍ ഏഴിടത്ത് വന്‍ കവര്‍ച്ചകള്‍ നടന്നത്. മിഠായിത്തെരുവിനടുത്ത് അന്തിയുറങ്ങിയ സേലം സ്വദേശി വെങ്കിടേഷും സുഹൃത്ത് അഴകേഷും അറസ്റ്റിലായി. അന്ന് വെങ്കിടേഷിന് പ്രായം പതിനെട്ട് മാത്രം. 

വിചാരണ കാലയളവില്‍ അഴകേഷ് മരിച്ചു. ഒടുവില്‍ വൈകിയാണെങ്കിലും വെങ്കിടേഷിന് നീതി ലഭിച്ചു. ഇനി കേരളത്തിലേക്ക് വരില്ലെന്നും അത്രത്തോളം ദുരിതം അനുഭവിച്ചെന്നും വെങ്കിടേഷ് മാധ്യമങ്ങളോട് പറഞ്ഞു. 2000ത്തില്‍ ജാമ്യത്തിലിറങ്ങിയ വെങ്കിടേഷ് സേലത്തേക്ക് തിരിച്ചുപോയിരുന്നു. വാറണ്ട് ആയതോടെ 2018ല്‍ വീണ്ടും അറസ്റ്റിലായി. വെങ്കിടേഷിനെതിരെ പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകള്‍ ദുര്‍ബലമായതോടെയാണ് കോടതി വെറുതെ വിട്ടത്. കസബ, ചെമ്മങ്ങാട്, ടൗണ്‍ പൊലീസ് സ്റ്റേഷനുകളിലാണ് വെങ്കിടേഷിനെതിരെ ഏഴ് കവര്‍ച്ചാക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.