കോഴിക്കോട്: ലോക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ച ശേഷം വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി കോഴിക്കോട് ജില്ലയില്‍ എത്തിയത് 13,880 പേരാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് 3031 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി 10,849 പേരുമാണ് എത്തിയത്. ഇവരില്‍ 7802 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 6456 പേര്‍ വീടുകളിലും 1346 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.

വിദേശത്ത് നിന്ന് എത്തിയവര്‍ക്കായി 44 കോവിഡ് കെയര്‍ സെന്ററുകളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കായി 75 കോവിഡ് കെയര്‍ സെന്ററുകളുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വിദേശത്തു നിന്നെത്തിയ പ്രവാസികളുടെ കൊവിഡ് പരിചരണ കേന്ദ്രങ്ങള്‍ ജില്ലാ ഭരണകൂടവും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കുള്ളത് അതത് തദ്ദേശ സ്ഥാപനങ്ങളുമാണ് നിയന്ത്രിക്കുന്നത്. 

ഇത് കൂടാതെ നാല് പെയ്ഡ് കൊവിഡ് കെയര്‍ സെന്ററുകളും ജില്ലയിലുണ്ട്. നല്ല സൗകര്യമുള്ള വീടുകള്‍  കൊവിഡ് കെയര്‍ സെന്ററുകളാക്കി അവിടെ പ്രവാസികളെ പാര്‍പ്പിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നുണ്ട്. ജില്ലയില്‍ നിന്ന് 26,000 ത്തിലധികം അതിഥി തൊഴിലാളികളാണ് ഇതിനകം സ്വന്തം നാടുകളിലേക്ക് മടങ്ങിയതെന്നും കളക്ടര്‍ അറിയിച്ചു.