നഗരസഭ പരിധിയിൽ അനുവാദം നൽകിയതിന്റെ ഇരട്ടി ദൂരം റിലയൻസ് റോഡ് കുഴിച്ചതിനെ തുടര്‍ന്ന് നഗരസഭ റോഡ് കട്ടിംഗ് ചാർജ്ജും ഫൈനും ചേർത്ത് 9.5 കോടി രൂപ പിഴ ചുമത്തിയിരുന്നു

ആലപ്പുഴ: നഗരസഭ പരിധിയിലെ റോഡുകളിൽ റിലയൻസിന്റെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (Optical Fiber Cable) അനധികൃതമായി സ്ഥാപിയ്ക്കുന്നത് ആലപ്പുഴ നഗരസഭ (Alappuzha Municipality) അധികൃതർ തടഞ്ഞു. നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, ഉപാധ്യക്ഷൻ പി. എസ്. എം ഹുസൈന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ ബാബു, കൗൺസിലർ എം ആർ പ്രേം, ഹെൽത്ത് ഓഫീസർ വർഗീസ്, ഉദ്യോഗസ്ഥരായ ഗിരീഷ്, പ്രിൻസ് എന്നിവർ ചേർന്നാണ് തടഞ്ഞത്. 

നഗരസഭ പരിധിയിൽ അനുവാദം നൽകിയതിന്റെ ഇരട്ടി ദൂരം റിലയൻസ് റോഡ് കുഴിച്ചതിനെ തുടര്‍ന്ന് നഗരസഭ റോഡ് കട്ടിംഗ് ചാർജ്ജും ഫൈനും ചേർത്ത് 9.5 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ റിലയൻസ് ട്രിബ്യൂണലിൽ പോവുകയും റോഡ് കട്ടിംഗ് ദൂരം സംബന്ധിച്ച് സംയുക്ത പരിശോധന നടത്താൻ വിധിയുണ്ടാവുകയും ചെയ്തു. എന്നാൽ പരിശോധനയ്ക്കായി റിലയൻസ് നഗരസഭയെ സമീപിച്ചില്ല എന്നു മാത്രമല്ല കളർകോട് മുതൽ തിരുവാമ്പാടി വരെ പോൾ സ്ഥാപിയ്ക്കുകയും ചെയ്തു. 

ഇത് തടയുമെന്നറിയിച്ചപ്പോൾ കഴിഞ്ഞ 7ന് റിലയൻസ് മാനേജ്മെന്റ് നഗരസഭയിലെത്തി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ 3 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാമെന്ന് റിലയൻസ് അറിയിച്ചിരുന്നു. അവർ സമർപ്പിക്കുന്ന റിപ്പോർട്ട് കൗൺസിലിൽ ചർച്ച ചെയ്ത് തീരുമാനമറിയിക്കാം എന്ന് നഗരസഭ അധ്യക്ഷ സൗമ്യാരാജ് അവരെ അറിയിച്ചിരുന്നു. അതിന് ശേഷം മാത്രമേ പ്രവർത്തികൾ നടത്തുകയുള്ളു എന്ന് റിലയൻസ് സമ്മതിച്ചതുമാണ്. എന്നാൽ ഇതിന് വിരുദ്ധമായി മുല്ലയ്ക്കൽ സീറോ ജംഗ്ഷൻ പ്രദേശത്ത് റോഡ് കുഴിച്ച് ചെയ്ത റിലയൻസിന്റെ പ്രവൃത്തികളാണ് തടഞ്ഞത്.