പൂച്ചാക്കൽ: പട്ടാപകൽ എതിരെ വന്ന കാറിടിച്ച് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനികൾ പരീക്ഷാഹാളിലേയ്ക്ക്. ശ്രീകണ്ഠേശ്വരം ഹയർ സെക്കന്ററി സ്കൂളിൽ പരീക്ഷ എഴുതുന്ന പാണാവള്ളി 16–ാം വാർഡ് കോണത്തേഴത്ത് ചന്ദ്രബാബുവിന്റെ മകൾ ചന്ദന(17), 15–ാം വാർഡ് ഉരുവംകുളം ചന്ദ്രന്റെ മകൾ അനഘ(17), 13–ാംവാർഡ് അയ്യങ്കേരി സാബുവിന്റെ മകൾ സാഘി(17), തൃച്ചാറ്റുകുളത്ത് പരീക്ഷ എഴുതുന്ന തൈക്കാട്ടുശേരി രണ്ടാംവാർഡ് മുരുക്കുംതറ അനിരുദ്ധന്റെ മകൾ അർച്ചന(16) എന്നിവരാണ് അപകടത്തിൽ ചികിൽസയിൽ കഴിയുന്ന വിദ്യാർത്ഥിനികൾ. 

ചന്ദനയ്ക്ക് 27,29 തീയതികളിലും സാഘിയ്ക്കും അനഘയ്ക്കും 28,29 തീയതികളിലുമാണ് പരീക്ഷ. തുടയെല്ലിന് പരിക്കേറ്റതിനാൽ മൂവരെയും ആംബുലൻസിൽ സ്കൂളിലെത്തിച്ചാണ് പരീക്ഷയെഴുതിക്കുന്നത്. അർച്ചനയ്ക്ക് 28 നാണ് പരീക്ഷ. 

കഴിഞ്ഞ മാർച്ച് 10 ന് ഉച്ചയ്ക്ക് പൂച്ചാക്കൽ–പള്ളിവെളി റോഡിലാണ് നാടിനെ നടുക്കിയ കാർ അപകടമുണ്ടായത്. പള്ളിവെളിയിൽ നിന്ന് അമിത വേഗതയിലെത്തിയ കാർ ആദ്യം റോഡിനു സമീപത്തു നിർത്തിയ ബൈക്കിലിരുന്ന അനീഷിനെയും മകൻ വേദവിനെയും ഇടിച്ചു. 

തുടർന്ന് റോഡിന് എതിർവശത്തേക്ക് തിരിഞ്ഞ കാർ നടന്നുപോകുകയായിരുന്ന അനഘയെയും ചന്ദനയെയും സാഗിയെയും ഇടിച്ചുതെറിപ്പിച്ച ശേഷം സൈക്കിളിൽ പോകുകയായിരുന്ന അർച്ചനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥിനികൾ.