കളമശ്ശേരി ഉദ്യോഗമണ്ഡൽ സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിനെത്തിയയാളെ (63) പത്തടിപ്പാലം മെട്രോ സ്റ്റേഷനടുത്തുള്ള ഡോർമിറ്ററിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഗമത്തിന്റെ സംഘാടകനായ ഇദ്ദേഹത്തെ മുറിയിൽ ശനിയാഴ്ച്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊച്ചി: കളമശ്ശേരി ഏലൂർ ഉദ്യോഗമണ്ഡൽ സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിന് എത്തിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. പത്തടിപ്പാലം മെട്രോ സ്റ്റേഷൻ ഡോർമിറ്ററിയിലാണ് തൃശ്ശൂർ തിരൂർ കില്ലന്നൂർ വാര്യംപാട്ട് വീട്ടിൽ വി.കെ കൃഷ്ണപ്രസാദി(63)നെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 5.30-ഓടെയാണ് കൃഷ്ണ പ്രസാദ് ഡോർമിറ്ററിയിൽ മുറിയെടുത്തത്. രാത്രിയിൽ കൃഷ്ണപ്രസാദ് ഛർദിച്ചിരുന്നുവെന്നും എന്നാലത് കുഴപ്പമില്ലെന്ന് പറഞ്ഞ് ഉറങ്ങാൻ പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് മുറി ചെക്ക് ഔട്ട് ചെയ്യുന്ന കാര്യം പറയാൻ എത്തിയ റൂം ബോയ് ആണ് കൃഷ്ണ പ്രസാദിനെ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടത്. ഉടനെ ഡോർമിറ്ററി ഉടമയും ജീവനക്കാരും കൂടി എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. കളമശ്ശേരി മെട്രോ സ്റ്റേഷൻ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഇന്നലെ ചേരാനെല്ലൂരിലെ റിസോർട്ടിൽ നടന്ന 1977-ലെ ഐസിഎസ്ഇ പത്താം ക്ലാസ് വിദ്യാർഥികളുടെ സംഗമത്തിന്റെ സംഘാടകനായിരുന്നു കൃഷ്ണപ്രസാദ്. ശനിയാഴ്ച വൈകുന്നേരം 3.30-ഓടെയാണ് സഹപാഠികൾ മരണ വിവരം അറിഞ്ഞത്. അച്ഛൻ: പരേതനായ വി.കെ. കോരു. അമ്മ: സുജാത (റിട്ട. അധ്യാപിക ഫാക്ട് ഉദ്യോഗമണ്ഡൽ സ്കൂൾ). ഭാര്യ: ഷീബ (അധ്യാപിക ഭാരതീയ വിദ്യാ ഭവൻ പോറ്റോർ). മക്കൾ: ഗോവിന്ദ് പ്രസാദ്, ദിവ്യ ലക്ഷ്മി.


