മഴക്കെടുതിയിൽ ജില്ലയിൽ രണ്ടുമരണം. ഒരാളെ കാണാതായി. ചെങ്ങന്നൂർ പാണ്ടനാട് മിത്രമഠം പാലത്തിനുസമീപം മാറ്റിയിട്ട വാഹനം സുരക്ഷിതമാണോയെന്ന് നോക്കാൻപോയ യുവാവിനെ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴ: മഴക്കെടുതിയിൽ ജില്ലയിൽ രണ്ടുമരണം. ഒരാളെ കാണാതായി. ചെങ്ങന്നൂർ പാണ്ടനാട് മിത്രമഠം പാലത്തിനുസമീപം മാറ്റിയിട്ട വാഹനം സുരക്ഷിതമാണോയെന്ന് നോക്കാൻപോയ യുവാവിനെ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ പാണ്ടനാട് കരിങ്ങാട്ടുകാവ് ക്ഷേത്രത്തിനുസമീപം വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രയാർ നാലാം വാർഡിൽ വാടകക്ക് താമസിക്കുന്ന കല്ലിശ്ശേരി വല്ല്യവീട്ടിൽ താഴത്തേതിൽ ശിവൻകുട്ടിയുടെ മകൻ പി കെ ശിവദാസ് (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറിന് വാഹനം നോക്കാനായി പോയതിനുശേഷം ഇയാൾ തിരിച്ചുവന്നില്ല. ഈ വിവരം ഭാര്യ സജിത ചെങ്ങന്നൂരിലെ ദുരന്തനിവാരണ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കരിങ്ങാട്ടിൽ കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിന് സമീപത്തെ വെള്ളകെട്ടിൽ ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ സജിത, മകൻ ശിവനന്ദ്.

ആലപ്പുഴ ബീച്ചിൽ പൊന്തുവള്ളത്തിൽ മത്സ്യബന്ധനത്തിനുപോയയാൾക്കും ജീവൻ നഷ്ടമായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ ചെട്ടികാട് നടുവിലതയ്യിൽ വർഗീസ് (ജോയി-58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11നാണ് സംഭവം. രാവിലെ ഒമ്പതിനാണ് മത്സ്യബന്ധനത്തിനായി വീട്ടിൽ നിന്ന് പോയത്. മീൻപിടിക്കുന്നതിനിടെ കടലിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ജനറൽആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ജാൻസി (ആൻസമ്മ). മക്കൾ അൽഫോൻസ, അഞ്ജു. സംസ്കാരം ബുധനാഴ്ച തുമ്പോളി പള്ളി സെമിത്തേരിയിൽ നടക്കും.

ആലപ്പുഴ വിളക്കുമരം ജെട്ടിക്ക് സമീപം കക്കാവാരൻ പോയ തൊഴിലാളിയെ കാണാതായി. കക്കാവാരാൻ പോയ കോമളപുരം കന്യാക്കൽ പുതുവൽവീട് ബാബുവിനെ (55) ആണ് കാണാതായത്. വള്ളവും വലയും കണ്ട് നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. ആലപ്പുഴയിൽനിന്നും കോട്ടയത്തുനിന്നും എത്തിയ അഗ്നിരക്ഷാസേന സ്കൂബ ടീമിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ തെരച്ചിൽ നടത്തി.

YouTube video player