ആലപ്പുഴ: നെഹ്രുട്രോഫിക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വള്ളംകളിയില്‍ പങ്കെടുത്തുന്ന ക്ലബ്ബുകളുടെ ട്രയല്‍സ്‍ തകൃതിയായിമുന്നേറുന്നു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കാലാവസ്ഥ അനുകൂലമായതിനാല്‍ ഇത്തവണത്തെ ജലോത്സവം കെങ്കേമമാകുമെന്ന വശ്വാസത്തിലാണ് ഹോട്ടലുകളും ഹൗസ് ബോട്ടുകളും. ഹൗസ് ബോട്ടുകളും ഹോട്ടലുകളും ഏറെക്കുറെ ബുക്കിംഗ് പൂര്‍ത്തിയായി. 

കേരളത്തിലെ ജലോത്സവ കാലം മുന്നില്‍ കണ്ട് ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകളുടെ സാന്നിദ്ധ്യം ആലപ്പുഴയില്‍ പ്രകടമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ തുടര്‍ന്ന് നെഹ്രു ട്രോഫി ഉള്‍പ്പെടെയുള്ള ജലോത്സവങ്ങളുടെ നടത്തിപ്പ് താളം തെറ്റിയിരുന്നു. 

കൂടുതല്‍ ചിത്രങ്ങള്‍ക്ക് : നെഹ്റു ട്രോഫി വള്ളംകളി; പിബിസി പള്ളാത്തുരുത്തി ക്ലബിന്‍റെ പരിശീലനം കാണാം

പിന്നീട് നെഹ്രു ട്രോഫി ജലോത്സവം നടത്തിയെങ്കിലും കാണികളുടെയും വിദേശ ടൂറിസ്റ്റുകളുടെയും പങ്കാളിത്തം കുറവായിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ നടക്കുന്ന മറ്റ് പല ജലോത്സവങ്ങളും കഴിഞ്ഞ വര്‍ഷം നടത്തിയതുമില്ല. ഇത് ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. സ്വാഭാവികമായും ഹൗസ് ബോട്ട് മേഖലയെയും ഇത് ബാധിച്ചു. 

പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ബുക്കിംങ്ങുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയിരുന്നു. സമാനസ്ഥിതിയാണ് ആലപ്പുഴയിലും  ഹോട്ടല്‍ വ്യവസായവും നേരിട്ടത്. മാസങ്ങള്‍ക്ക് ശേഷമാണ് ഹൗസ്‌ബോട്ടുകളും ഹോട്ടലുകളും ഏതാണ്ട് പൂര്‍ണ്ണമായും സജ്ജമായി തുടങ്ങിയത്.

കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ നെഹ്രു ട്രോഫിക്കായി മാറ്റുരയ്ക്കുന്ന വള്ളങ്ങളുടെ ട്രയല്‍ പുരോഗമിക്കുകയാണ്. പരിശീലനം കാണാനും ആവേശം പകരാനും ഇത്തവണ കായല്‍കരയില്‍ വിദേശികളുടെ സാന്നിദ്ധ്യമേറും. കൂടാതെ പതിവിന് വിപരീതമായി കാലാവസ്ഥ അനുകൂലമായതും ടൂറിസം മേഖലയ്ക്ക് അനുഗ്രഹമായി. മഴ കുറവായതിനാല്‍ ചരിത്രത്തിലാദ്യമായി കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും വെള്ളപ്പൊക്ക ഭീഷണിയും ഒഴിവായി.