അനധികൃതമായി കടത്തിയതിന് പിടിച്ചെടുത്ത മണ്ണ് എഎസ്ഐ സ്വന്തം പുരയിടത്തിൽ കൊണ്ടിട്ടു. വിവാദമായതോടെ ലോറിക്കാരനെതിരെ കേസെടുത്ത് തടിതപ്പാൻ പൊലീസ് നടത്തിയ ശ്രമം പാളി. പോത്തൻകോട് സ്റ്റേഷനിലെ എഎസ്ഐ അനിൽ കുമാറിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പോത്തൻകോട് സിഐ ആറ്റിങ്ങൾ ഡിവൈഎസ്പിക്ക് റിപ്പോർട്ട് നൽകി.
തിരുവനന്തപുരം: അനധികൃതമായി കടത്തിയതിന് പിടിച്ചെടുത്ത മണ്ണ് എഎസ്ഐ സ്വന്തം പുരയിടത്തിൽ കൊണ്ടിട്ടു. വിവാദമായതോടെ ലോറിക്കാരനെതിരെ കേസെടുത്ത് തടിതപ്പാൻ പൊലീസ് നടത്തിയ ശ്രമം പാളി. പോത്തൻകോട് സ്റ്റേഷനിലെ എഎസ്ഐ അനിൽ കുമാറിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പോത്തൻകോട് സിഐ ആറ്റിങ്ങൾ ഡിവൈഎസ്പിക്ക് റിപ്പോർട്ട് നൽകി.
പോത്തൻകോടും പരിസരത്തും അനധികൃതമായി കുന്നുകളിടിച്ച് മണ്ണ് കടത്തൽ വ്യാപമാണ്. ഇന്നലെ രാത്രിയിൽ അനധികൃതമായ മണ്ണ് കടത്തിയ ഒരു ലോറി പൊത്തൻകോട് പൊലീസ് പിടിച്ചു. ലോറിയുടെ താക്കോലും പൊലീസ് പിടിച്ചെടുത്ത് ചുമതലുണ്ടായിരുന്ന എഎസ്ഐ ഏൽപ്പിച്ചു. പക്ഷെ രാത്രിയിൽ തൊണ്ടിമുതൽ സ്റ്റേഷനിൽ നിന്നും കാണാതായി. ജിഡി ചാർജ്ജുകാരനായ എഎസ്ഐയുടെ ഒത്താശയോടെ ലോറി കടത്തിയെന്നാണ് ആരോപണം. മറ്റ് പൊലീസുകാർ നടത്തിയ അന്വേഷണത്തിൽ എഎസ്ഐയുടെ ഉടമസ്ഥതയിൽ കീഴാവൂരുള്ള ഒരു സ്ഥലത്തുതന്നെയാണ് മണ്ണുകൊണ്ടിട്ടതെന്ന് മനസിലാക്കി.
കപ്പലിലെ കള്ളനെ കണ്ടെത്തിയ മറ്റ് പൊലീസുകർ പ്രശ്നമുണ്ടാക്കിയതോടെ എസ്ഐയും സിഐയുമെല്ലാം ഇപെട്ടു. വാഹനം കണ്ടെത്തി രാവിലെ സ്റ്റേഷനിലെത്തിച്ചു. വാഹന ഉടമ മുനീറിനെതിരെ കേസെടുത്തതായി പോത്തൻകോട് സിഐ പറഞ്ഞു. എഎസ്ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നും നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് റിപ്പോർട്ട് നൽകിയതായും പോത്തൻകോട് സിഐ പറഞ്ഞു.
