Asianet News MalayalamAsianet News Malayalam

ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച്, മൂന്നാറിനെ ഹരിതാഭമാക്കാൻ അമേരിക്കൻ സ്കൂൾ ഓഫ് മുംബൈ വിദ്യാർത്ഥി സംഘം

കുട്ടികളില്‍ സാമൂഹ്യസേവനത്തിന്റെ ആവശ്യകത മനസിലാക്കുന്നതിനായി അധ്യാപകര്‍ ഓരോ വര്‍ഷവും വിവിധ മേഖലകളില്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കാറുണ്ട്. 

American School of Bombay students in munnar
Author
First Published Nov 21, 2022, 9:06 AM IST

ഇടുക്കി: പുഴയോരങ്ങളും സ്‌കൂള്‍ പരിസരങ്ങളും ഫലവൃക്ഷങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ അമേരിക്കന്‍ സ്‌കൂള്‍ ഓഫ് മുബൈയിലെ വിദ്യാര്‍ഥിസംഘം മൂന്നാറില്‍. 15 പേരടങ്ങുന്ന സംഘമാണ് മൂന്നാറില്‍ വൊക്കേഷണൽ ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ മുതിരപ്പുഴയുടെ സമീപപ്രദേശങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലും തൈകള്‍ വെച്ചുപിടിപ്പിക്കുന്നത്.

ഏറ്റവും അധികം വിദേശീയരായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സ്‌കൂള്‍ ഓഫ് മുംബൈ. കുട്ടികളില്‍ സാമൂഹ്യസേവനത്തിന്റെ ആവശ്യകത മനസിലാക്കുന്നതിനായി അധ്യാപകര്‍ ഓരോ വര്‍ഷവും വിവിധ മേഖലകളില്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കാറുണ്ട്. പൊതുവായ സേവനം നാടിന് ആവശ്യം എന്ന ആശയം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന പദ്ധതികളില്‍ കുട്ടികള്‍ക്ക് തന്നെയാണ് മുന്‍ഗണന. 

ഇതിന്റെ ഭാഗമായാണ് ഇത്തവണ  സ്‌കൂള്‍ മാനേജുമെന്റ് മൂന്നാര്‍ തിരഞ്ഞെടുത്തത്. മൂന്നാറിന്റെ ജീവനാ‍ഡിയായ മുതിരപ്പുഴയുടെ സമീപപ്രദേശങ്ങള്‍ ഫലവ്യക്ഷം കൊണ്ട് നിറയ്ക്കുന്നതോടെപ്പം സ്‌കൂള്‍ പരിസരങ്ങള്‍ വ്യത്തിയാക്കി അവിടം പഴവര്‍ഗ്ഗ തോട്ടമായി മാറ്റുകയാണ് കുട്ടികളുടെ ലക്ഷ്യം. മൂന്നാറിലെ വൊക്കേഷണൽ ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയാണ് പദ്ധതി മൂന്നാറില്‍ നടപ്പിലാക്കുന്നത്.

എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 12 കുട്ടികളും മൂന്ന് അധ്യാപകരും അടങ്ങുന്ന 15 അംഗസംഘമാണ് മൂന്നാറിലെ ഭൂപ്രകൃതി മനസിലാക്കി വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനായി മൂന്നാറില്‍ എത്തിയിരിക്കുന്നത്. മൂന്നാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ 15 വിദ്യാര്‍ത്ഥികളും ഇവരോടൊപ്പമുണ്ട്. നാലുദിവസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കുരുവികള്‍ക്ക് കൂട് കൂട്ടല്‍, തവളയെ സംരക്ഷിക്കാന്‍ കുളങ്ങള്‍ നിര്‍മ്മിക്കല്‍ എന്നിവയും ഉള്‍പ്പെടുന്നു.

 Read More: അപകടകരമായ രീതിയില്‍ വാഹനം ഉപയോഗിച്ച് ഫുട്ബോള്‍ റാലി; ആലുവയില്‍ വാഹന ഉടമകള്‍ക്കെതിരെ കേസ്

 

 

Follow Us:
Download App:
  • android
  • ios