ഇവരില്‍ നിന്നും നാടന്‍തോക്ക്, തിരകള്‍, കത്തി തുടങ്ങി വേട്ടക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്തതായി വനംവകുപ്പ്

സുല്‍ത്താന്‍ ബത്തേരി: പുല്‍പ്പള്ളിയില്‍ നാടന്‍ തോക്കും തിരകളുമായി രണ്ടുപേരെ വനംവകുപ്പ് പിടികൂടി. ഐശ്വര്യക്കവല പഴമ്പള്ളില്‍ സിബി (51), കൊളവള്ളി മുളകുന്നത്ത് എം.വി. സജി (41) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും നാടന്‍തോക്ക്, തിരകള്‍, കത്തി തുടങ്ങി വേട്ടക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്തതായി വനംവകുപ്പ് അറിയിച്ചു. ആയുധങ്ങളുമായി രണ്ടുപേര്‍ വേട്ടക്കിറങ്ങിയെന്ന് ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

വിവരം ലഭിച്ചപ്പോള്‍ തന്നെ വനപാലകര്‍ കൊളവള്ളിയില്‍ കാവലിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെ എത്തിയ പ്രതികളെ പിടികൂടുകയായിരുന്നു. പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വി.ആര്‍. ഷാജി, സെക്ഷന്‍ ഫോറസ്റ്റര്‍ കെ.യു. മണികണ്ഠന്‍, കെ.കെ. താരാനാഥ്, വി.പി. സിജിത്ത്, പി.ആര്‍. സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം രണ്ടുപേരെയും പുല്‍പ്പള്ളി പൊലീസിന് കൈമാറി.

ഓഗസ്റ്റ് മാസത്തില്‍ ഇടുക്കി ബോഡിമെട്ടിന് സമീപത്ത് നിന്ന് മൃഗവേട്ടക്കാരെ വനംവകുപ്പ് പിടികൂടിയിരുന്നു. വനത്തിനുള്ളിൽ വെടിയൊച്ച കേട്ട് വനപാലകരെത്തിയപ്പോള്‍ ടോർച്ചിൻ്റെ വെളിച്ചം കണ്ട് പതിയിരുന്നാണ് മൃഗവേട്ടക്കാരെ പിടി കൂടിയത്. രാജാക്കാട് സ്വദേശികളായ സിൻ, ദിനേശ് എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്ന് നാടൻ തോക്കും വനം വകുപ്പ് പിടികൂടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

വനത്തിനുള്ളിൽ വെടിയൊച്ച കേട്ട് വനപാലകരെത്തി, ടോർച്ചിൻ്റെ വെളിച്ചം കണ്ട് പതിയിരുന്നു; മൃഗവേട്ടക്കാർ പിടിയിൽ