ഇടുക്കി: ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ്ങ് ക്ലബ്ബുകള്‍ പ്രവര്‍ത്തനം തുടങ്ങി. ശരണബാല്യം പദ്ധതിയുടേയും ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടേയും സഹകരണത്തോടെ മനുഷ്യക്കടത്തിനും മറ്റ് ചൂഷണങ്ങള്‍ക്കും വിധേയരാകുന്ന കുട്ടികളേയും മുതിര്‍ന്നവരേയും കണ്ടെത്തി പുനരധിവസിപ്പിക്കുകയാണ് ക്ലബ്ബുകളുടെ ലക്ഷ്യം. തൊടുപുഴ അല്‍ അസര്‍ എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ ക്ലബുകളുടെ ജില്ലാതല പ്രവര്‍ത്തന ഉദ്ഘാടനം ദക്ഷിണ മേഖല ഐജിയും ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് നോഡല്‍ ഓഫീസറുമായ എസ് ശ്രീജിത്ത് നിര്‍വഹിച്ചു.

ആദ്യഘട്ടമെന്ന നിലയില്‍ തൊടുപുഴ അല്‍ അസര്‍ ലോ കോളേജ്, തൊടുപുഴ കോ ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ, തൊടുപുഴ ബിഎഡ് കോളേജ്, വഴിത്തല ശാന്തിഗിരി കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം, മൂലമറ്റം സെന്റ് ജോസഫ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം, കുട്ടിക്കാനം മരിയന്‍ കോളേജ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം എന്നിവിടങ്ങളിലാണ് ക്ലബ്ബുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ശരണബാല്യം പദ്ധതിയോടനുബന്ധമായാണ് ക്ലബ്ബുകളുടെ പ്രവര്‍ത്തനമെന്ന് സംഘാടകര്‍ പറഞ്ഞു. കുട്ടികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളായ ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണങ്ങള്‍, മനുഷ്യക്കടത്ത്, നിര്‍ബന്ധിത ജോലി ചെയ്യിക്കല്‍ എന്നിങ്ങനെയുള്ള ചൂഷണങ്ങള്‍ തടയുകയാണ് ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ദേശ്യം. 

നിലവില്‍ ഇത്തരം ചൂഷണങ്ങള്‍ക്കിരയാവുന്നവരെ വനിതാ-ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവ വഴി നടപ്പിലാക്കുന്ന ശരണബാല്യം പദ്ധതി വഴി കണ്ടെത്തി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മോചിപ്പിച്ച് പുനരധിവസിപ്പിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളിലേക്ക് കോളേജ് വിദ്യാര്‍ഥികളെക്കൂടി പങ്കാളികളാക്കുകയാണ് ക്ലബ്ബുകള്‍. ഉദ്ഘാടന ചടങ്ങില്‍ കേരള സംസ്ഥാന നിയമ സേവന അതോറിറ്റി മെംബര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ കെ ടി നിസാര്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. 

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ള അധ്യക്ഷത വഹിച്ചു.  അല്‍ അസര്‍ ലോ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം. മുഹമ്മദ് ഇഖ്ബാല്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എംജിഗീത, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി റ്റിഎ ആന്റണി, അല്‍ അസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ കെഎം മൂസ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഓഫീസര്‍ ജോമറ്റ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.