മാവേലിക്കര: മിണ്ടാപ്രാണിയോടും സാമൂഹ്യവിരുദ്ധരുടെ കൊടുംക്രൂരത. മാവേലിക്കര പുതിയകാവില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്റെ അകിട് മുറിച്ചുമാറ്റി. കഴിഞ്ഞദിവസം രാത്രിയിലാണ് നാടിനെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. പുതിയകാവ് തച്ചിട്ടി വടക്കതില്‍ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള രണ്ട് പശുക്കളുടെ അകിടാണ് സൂമൂഹ്യവിരുദ്ധര്‍ മുറിച്ചുമാറ്റിയത്.

പശുവിനെ തൊഴുത്തില്‍ കെട്ടിയിരിക്കുകയായിരുന്നു. തൊഴുത്തില്‍ കയറി അക്രമികള്‍ കയര്‍ അഴിക്കുന്നതിനിടെ ഒരു പശു ഓടി രക്ഷപ്പെട്ടു. രണ്ടാമത്തെ പശുവിന്റെ കാലുകള്‍ കെട്ടുന്നതിനിടെ ഉച്ചത്തില്‍ കരഞ്ഞതോടെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അകിട് മുറിച്ച ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. പശുക്കളോട് ഈ ക്രൂരത കാട്ടിയത് എന്തിനാണെന്നാണ് വീട്ടുകാരും നാട്ടുകാരുടെയും സംശയം.