വിരോധികളുടെ ചെരുപ്പും വസ്ത്രങ്ങളും ഉപേക്ഷിച്ച് മോഷണം നടത്തുന്ന സംഭവങ്ങള്‍ കുമരകം മേഖലയില്‍ നടന്നിട്ടുള്ളതിനാല്‍ ചെരിപ്പിന്‍റെ ഉടമയെ തന്നെ സംശയിക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്.

കുമരകത്തെ (Kumarakom) മിന്നല്‍ മുരളി (Minnal Murali) പ്രയോഗിച്ച തന്ത്രത്തില്‍ പൊലീസ് നായയ്ക്കും (Police Dog) വഴിതെറ്റും. മിന്നല്‍ മുരളി ഒറിജിനലിനെ പിടികൂടാനാവാതെ പൊലീസ്. പുതുവത്സരത്തലേന്ന് പൊലീസുകാരന്‍റെ വീടിന് നേരെ അക്രമ സംഭവത്തില്‍ പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്. വീടിന്‍റെ ജനലും വാതിലും അടിച്ച് തകര്‍ത്ത് ശേഷം ഭിത്തിയില്‍ മിന്നല്‍ മുരളി ഒറിജിനല്‍ എന്നെഴുതിയ ശേഷമാണ് അക്രമികള്‍ കടന്നുകളഞ്ഞത്. വാതിന് വെളിയില്‍ മലമൂത്ര വിസര്‍ജ്ജനവും നടത്തിയിരുന്നു.

സംഭവ സ്ഥലത്ത് നിന്ന് രണ്ട് ചെരിപ്പുകള്‍ പൊലീസിന് കിട്ടിയതിന് പിന്നാലെ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല. സംഭവ സ്ഥലത്തുണ്ടായിരുന്ന ബൈക്കുകളുടെ നമ്പറുകളേ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. വിരോധികളുടെ ചെരുപ്പും വസ്ത്രങ്ങളും ഉപേക്ഷിച്ച് മോഷണം നടത്തുന്ന സംഭവങ്ങള്‍ കുമരകം മേഖലയില്‍ നടന്നിട്ടുള്ളതിനാല്‍ ചെരിപ്പിന്‍റെ ഉടമയെ തന്നെ സംശയിക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്.

അതുകൊണ്ട് തന്നെ കൃത്യം ചെയ്ത് കഴിഞ്ഞ് മലമൂത്ര വിസര്‍ജ്ജനം നടത്തി മുങ്ങുന്ന രീതിയുള്ള അക്രമികളെ തിരയുകയാണ് പൊലീസ്. കള്ളന്‍റെ ശരീരത്തില്‍ നിന്നുള്ള ഗന്ധത്തേക്കള്‍ രൂക്ഷ ഗന്ധം മലത്തിനുള്ളതിനാല്‍ പൊലീസ് നായയ്ക്ക് വരെ പിശക് പറ്റാനുള്ള സാധ്യതയുണ്ട്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൂടുതല്‍ പൊലീസുകാര്‍ ഡ്യൂട്ടിയിലായിരുന്നു ഇന്നലെ വരെ. മിന്നല്‍ മുരളിയ്ക്കായി ഇന്നു മുതല്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കുമെന്നാണ് സൂചന. പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് അതിക്രമം നടന്നത്. കോട്ടയം റെയില്‍വേ പൊലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് നിലവില്‍ താമസിക്കുന്നത്. ഇതോടെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയില്‍ കുമരകം പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപ സംഘത്തെ ഇവിടെ നിന്ന് ഓടിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമാണ് അക്രമമെന്നാണ് പൊലീസ് നിഗമനം. വൈകുന്നേരമായാല്‍ ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. റിസോര്‍ട്ടിനായി പരിസരത്തെ സ്ഥലങ്ങള്‍ വാങ്ങി വീടുകള്‍ പൊളിച്ചതോടെ ഈ പ്രദേശം ഏറെക്കുറെ വിജനമായതാണ് ഇവിടം സാമൂഹ്യവിരുദ്ധരുടെ സങ്കേതമായതിന് കാരണം.