പത്തനംതിട്ട റാന്നിയിൽ ഒരു വീടിന്റെ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിന് മുകളിൽ അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്തക്കാരനായ മാത്തുക്കുട്ടി സ്ഥലത്തെത്തി പാമ്പിനെ സാഹസികമായി പിടികൂടി.

 പത്തനംതിട്ട: റാന്നി അങ്ങാടിയിലെ ഒരു അടുക്കളയിൽ അപ്രതീക്ഷിതമായി എത്തിയ മൂർഖൻ പാമ്പിനെ കണ്ട് വീട്ടുകാർ പരിഭ്രാന്തരായി. പേട്ട ജങ്ഷന് സമീപമുള്ള വീട്ടിലെ ഗ്യാസ് സ്റ്റൗവിന് മുകളിലാണ് ഏകദേശം അഞ്ചടി നീളമുള്ള മൂർഖൻ പാമ്പ് ചുരുണ്ട് കിടന്നത്. സംഭവസമയത്ത് അടുക്കളയിൽ ആളില്ലാതിരുന്നത് കാരണം വൻ ദുരന്തമാണ് ഒഴിവായത്.

അങ്ങാടി പേട്ട ജങ്ഷനിലുള്ള ശാസ്താംകോവിൽ ലോഡ്ജിൽ വാടകയ്ക്ക് താമസിക്കുന്ന രാജാ നസീറിൻ്റെ അടുക്കളയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പാമ്പിനെ കണ്ട ഉടൻ തന്നെ വീട്ടുകാർ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന പാചകവാതക സ്റ്റൗവിൽ മൂർഖൻ ചുറ്റിക്കിടക്കുന്ന കാഴ്ച കണ്ട് നാട്ടുകാർ അമ്പരന്നു. പാമ്പിനെ ശ്രദ്ധിക്കാതെ പാചകം ചെയ്യാൻ അടുക്കളയിൽ എത്തിയിരുന്നെങ്കിൽ സാഹചര്യം കൈവിട്ടുപോകുമായിരുന്നു.

View post on Instagram

ഉടൻ തന്നെ പ്രദേശവാസികൾ സമീപത്തു തന്നെയുള്ള പ്രശസ്തനായ പാമ്പുപിടുത്തക്കാരൻ മാത്തുക്കുട്ടിയുടെ സഹായം തേടി. മാത്തുക്കുട്ടി സ്ഥലത്തെത്തി വളരെ സാഹസികമായി പാമ്പിനെ പിടികൂടി. ഇതോടെയാണ് എല്ലാവർക്കും ശ്വാസം നേരെ വീണത്. ഈ പ്രദേശം പമ്പാ നദിയുടെ തീരത്തോട് ചേർന്നായതിനാൽ സമീപത്തെ വീടുകളിൽ പാമ്പുകളുടെ ശല്യം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. എങ്കിലും ഗ്യാസ് സ്റ്റൗവിന് മുകളിൽ മൂർഖനെ കണ്ട സംഭവം എല്ലാവർക്കും ഒരു ഞെട്ടിക്കുന്ന അനുഭവമായി.