ഇരുട്ടിവെളുത്താൽ ചാലിശ്ശേരിയിലെ വീടുകളിൽ അടക്കകൾ കാണില്ല! മാടനും മറുതയുമല്ല, ബിഗ് ഷോപ്പറുമായി കള്ളൻ ഹാജർ!
ചാലിശ്ശേരിയിൽ അടക്ക മോഷ്ടാവ് പിടിയിൽ. അസം സ്വദേശി മുസമ്മിൽ ഹഖിനെ ആണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്.

പാലക്കാട്: ചാലിശ്ശേരിയിൽ അടക്ക മോഷ്ടാവ് പിടിയിൽ. അസം സ്വദേശി മുസമ്മിൽ ഹഖിനെ ആണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്. ചാലിശ്ശേരിയിലെ വീടുകളിൽ ഉണക്കനിട്ട അടക്കകൾ ഇരുട്ടി വെളുക്കുമ്പോഴേക്കും കാണാതാവാൻ തുടങ്ങിയിട്ട് നാളേറെയായി. ഇത് സംബന്ധിച്ച പരാതിയും വ്യാപകമായത്തോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഒടുവിൽ അതെത്തിയത് ആസാമിൽ നിന്നും ആറു വർഷം മുൻപ് കേരളത്തിലെത്തിയ മുസമ്മിൽ ഹഖിൽ. പൊതുവെ പകൽ സമയത്ത് യാതൊരു ജോലിക്കും പോകാതെ അലഞ്ഞു തിരിയുകയാണ് മുസമ്മിലിന്റെ രീതി. രാത്രി ബിഗ് ഷോപ്പറുമായി വീടുകളിൽ കയറിയിറങ്ങി ഉണക്കാനിട്ട അടക്കകൾ മുഴുവൻ കവർന്നെടുക്കും. പ്രതിയുടെ പെരുമ്പിലാവിലെ താമസസ്ഥലത്ത് നിന്നും രണ്ട് ബിഗ് ഷോപ്പറുകളിൽ സൂക്ഷിച്ച അടക്കകൾ പോലീസ് കണ്ടെടുത്തു. കോടതിയിലെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, മാന്നാറില്‍ പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങള്‍ കവർച്ച നടത്തിയ അന്തർ സംസ്ഥാന ക്രിമിനൽ സംഘത്തിലെ മൂന്നു പേരെ ഉത്തരേന്ത്യയിൽ നിന്നും മാന്നാർ പൊലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് സൽമാൻ (34), ആരിഫ് (30), റിസ്വാൻ സൈഫി (27) എന്നിവരെയാണ് മാന്നാർ ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെയും എസ് ഐ അഭിരാമിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
സംഘത്തലവനും കൊടും ക്രിമിനലുമായ മുഹമ്മദ് സൽമാനെ യുപിയിലെ ബിജിനൂർ ജില്ലയിലെ കുഗ്രാമമായ ശിവാലകാലായിൽ നിന്നും റിസ്വാൻ സൈഫിയെ ബംഗളുരുവിൽ നിന്നും ആരിഫിനെ മാന്നാറിൽ നിന്നുമാണ് പിടികൂടിയത്. സൽമാനെ ബിജിനൂർ ജില്ലാ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് മുഖാന്തിരം കേരളത്തിൽ എത്തിക്കുകയായിരുന്നു. യുപി സ്വദേശികളായ റിയാസത്ത് അലി, മുഹമ്മദ് ഹസാരി എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർക്കായുളള അന്വേഷണം ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഊർജിതമായി തുടരുന്നു. വരും ദിവസങ്ങളിൽ ഇവർ പിടിയിലാകാനാണ് സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം