പ്രദേശത്തേക്ക് ആളുകളുടെ സന്ദർശനം ഒഴിവാക്കണമെന്ന് ഇടുക്കി കളക്ടർ ഷീബ ജോർജ് നിര്‍ദ്ദേശിച്ചു. മുഴുവൻ സംഘങ്ങളും എത്തിയ ശേഷം 24ന് മോക്ക് ഡ്രിൽ നടത്തും. 

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ ശനിയാഴ്ച മയക്കുവെടി വയ്ക്കും. അന്നേ ദിവസം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. റോഡുകൾ അടച്ചിടും. പ്രദേശത്തേക്ക് ആളുകളുടെ സന്ദർശനം ഒഴിവാക്കണമെന്ന് ഇടുക്കി കളക്ടർ ഷീബ ജോർജ് നിര്‍ദ്ദേശിച്ചു. മുഴുവൻ സംഘങ്ങളും എത്തിയ ശേഷം 24ന് മോക്ക് ഡ്രിൽ നടത്തും. 25 ന് മയക്കുവെടി വെയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിൽ 26 ന് ശ്രമിക്കുമെന്ന് ഹൈറേഞ്ച് സി സി എഫ് ആര്‍ എസ് അരുൺ അറിയിച്ചു.

അതേസമയം, അരിക്കൊമ്പനെ പൂട്ടാനുള്ള വയനാട്ടിലെ രണ്ടാമത്തെ ദൗത്യ സംഘം ഇടുക്കിയിലേക്ക് യാത്ര തിരിച്ചു. സൂര്യ എന്ന കുങ്കിയാനയും റെയ്ഞ്ച് ഓഫീസർ രൂപേഷിന്‍റെ നേതൃത്വത്തിലുള്ള 6 അംഗ വനപാലക സംഘവുമാണ് ഇടുക്കിയിലേക്ക് പുറപ്പെട്ടത്. മുൻപും പല ഓപ്പറേഷനുകളുടെയും ഭാഗമായ കുങ്കിയാണ് സൂര്യൻ. കഴിഞ്ഞ ദിവസം വിക്രം എന്ന പേരുള്ള കുങ്കിയാനയെ മുത്തങ്ങയിൽ നിന്ന് ഇടുക്കിയിൽ എത്തിച്ചിരുന്നു. സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കികൾ അടുത്ത ദിവസങ്ങളിൽ ദൗത്യത്തിന്‍റെ ഭാഗമാകും. 

Also Read:അരിക്കൊമ്പനെ പൂട്ടാൻ വിക്രമെത്തി, ആനയെ ആകർഷിക്കാൻ ചിന്നക്കനാലിൽ 'റേഷൻ കട റെഡി',

ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഡിവിഷനില്‍ ദേവികുളം റെയ്ഞ്ചിന്‍റെ പരിധിയില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന 'അരിക്കൊമ്പന്‍' എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ കഴിഞ്ഞ മാസമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്. കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി കൂട്ടിൽ അയക്കുകയോ ഉൾക്കട്ടിൽ തുറന്ന് വിടുകയോ ജി എസ് എം കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുകയോ ചെയ്യാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. 

Also Read: 'അരിക്കൊമ്പൻ' വീണ്ടും നാട്ടിലിറങ്ങി, ചിന്നക്കനാല്‍ ആദിവാസി കോളനിയിലെ ഷെഡ് തകര്‍ത്തു, ആശങ്കയില്‍ കോളനിവാസികള്‍

കഴിഞ്ഞ 7 വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 13 പേര്‍ മരണപ്പെടുകയും 3 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും നിരവധി വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. 30 വയസ് പ്രായം തോന്നിക്കുന്ന 'അരിക്കൊമ്പന്‍' ജനുവരി മാസം മാത്രം 3 കടകള്‍ തകര്‍ക്കുകയും അരിയും മറ്റ് റേഷന്‍ സാധനങ്ങളും കവരുകയും ചെയ്തിരുന്നു.

YouTube video player