'സൈബര്‍ ലോകത്തെ നുണ പ്രചരണവും വ്യക്തിഹത്യയും കൊണ്ട് അഴിഞ്ഞാടുന്ന നിങ്ങളുടെ ഈ സങ്കടം കാണുമ്പോള്‍ അതു കണ്ടാസ്വദിക്കാന്‍ എനിക്ക് കഴിയില്ല..'

ആലപ്പുഴ: തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് വീണ്ടും വിശദമായ കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് പിന്നാലെ ജെയ്ക്ക് സി തോമസ് നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തന്റെ കുറിപ്പെന്ന് അരിത പറയുന്നു. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതലാണ് തനിക്ക് നേരെ സൈബറാക്രമണം ആരംഭിച്ചത്. അന്ന് സൈബര്‍ സിപിഐഎം തന്നെ നേരിട്ടത് കുപ്രചരണങ്ങളും പരിഹാസങ്ങളുമായിട്ടാണെന്ന് അരിത പറഞ്ഞു. 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളത്ത് മത്സരിക്കാനെത്തിയ തന്നെ സോഷ്യല്‍മീഡിയയിലെ സിപിഐഎം പ്രവര്‍ത്തകര്‍ സ്വീകരിച്ചത് കറവക്കാരി എന്ന് പേര് നല്‍കിക്കൊണ്ടാണ്. അത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ഇന്നും തുടരുന്നെന്ന് അരിത ബാബു പറഞ്ഞു. 


അരിത ബാബുവിന്റെ കുറിപ്പ്: അതേ സഖാക്കളേ .....ജെയ്ക്ക് പരാജയപ്പെട്ടതില്‍ നിങ്ങള്‍ നേരിടുന്ന സൈബര്‍ ഇടത്തിലെ വിഷമം കാണാതെ പോകാന്‍ എനിക്ക് കഴിയില്ല .....എന്തേ, ജെയ്ക്കിന് ഇതൊന്നും നേരിടാനുള്ള മനക്കരുത്തില്ലേ..? നിങ്ങള്‍ മറന്നെങ്കില്‍ ഞാന്‍ ചിലത് നിങ്ങളെ ഓര്‍മ്മിപ്പിക്കാം: നമുക്കറിയാം, ജനാധിപത്യത്തിന്റെ സൗന്ദര്യം, അത് തിരഞ്ഞെടുപ്പുകള്‍ തന്നെയാണ്...ആ സൗന്ദര്യത്തെ വികൃതമാക്കുന്ന, സൈബര്‍ ലോകത്തെ നുണ പ്രചരണവും വ്യക്തി ഹത്യയും കൊണ്ട് അഴിഞ്ഞാടുന്ന നിങ്ങളുടെ ഈ സങ്കടം കാണുമ്പോള്‍ അതു കണ്ടാസ്വദിക്കാന്‍ എനിക്ക് കഴിയില്ല. 2015ല്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷനില്‍ നിന്നും ഒരു KSUകാരി ആയി തിരഞ്ഞെടുപ്പിനെ നേരിടാന്‍ വന്ന എന്നെ സഖാക്കള്‍ നേരിട്ടത് കുപ്രചരണങ്ങളും പരിഹാസങ്ങളുമായിട്ടാണ്. അന്ന് സൈബര്‍ ഇടത്തില്‍ വിപ്ലവ കടന്നലുകള്‍ അത്ര സജീവമല്ലാതിരുന്നതുകൊണ്ട് അത് അധികം പടര്‍ന്നുപിടിച്ചില്ലെന്നു മാത്രം. 

അന്ന്, ഐക്യ ജനാധിപത്യ മുന്നണിയുടെ ചടുലമായ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗം ആയി എന്നെ കൃഷ്ണപുരം ഡിവിഷനില്‍ നിന്നും ജനങ്ങള്‍ തിരഞ്ഞെടുത്തയച്ചു. ജനങ്ങള്‍ക്കിടയില്‍ സജീവമായി മുന്നോട്ട് നീങ്ങുമ്പോള്‍ സൈബര്‍ കടന്നലുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചു തുടങ്ങി. അതിന്റെ പ്രതിഫലനമെന്ന വിധം അവര്‍ സൈബറാക്രമണം തുടങ്ങി. അതും, നീചമായ ഭാഷയില്‍ വീട്ടിലുള്ളവരെ വരെ തെറി പറഞ്ഞുള്ള പോസ്റ്റുകള്‍. അച്ഛനും അമ്മക്കും നേരെ വരെ തെറി പറയുന്ന ഇടത് പ്രൊഫൈലുകള്‍... അതൊക്കെ നേരിട്ട് മുന്നോട്ടു തന്നെ നടന്നു നീങ്ങി.

ഇവയൊക്കെ നിങ്ങള്‍ക്കേവര്‍ക്കുമറിയുന്ന കാര്യങ്ങള്‍ തന്നെയാണ്. എങ്കിലും ഒന്ന് ഓര്‍മ്മിപ്പിക്കുന്നു എന്നു മാത്രം. 2021 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി കായംകുളം നിയോജക മണ്ഡലത്തില്‍ ജനവിധി തേടാനെത്തിയ എന്നെ സൈബര്‍ സഖാക്കള്‍ സ്വീകരിച്ചത് 'കറവക്കാരി' എന്ന് പേര് നല്‍കിക്കൊണ്ടാണ്...അതെ, അഭിമാനത്തോടെ പറയുന്നു ഞാന്‍ രാഷ്ട്രീയം ഉപജീവനമാക്കിയിട്ടില്ല. ഇന്നും പണിയെടുത്ത് തന്നെയാണ് പൊതുപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ട്, അന്ന് നിങ്ങള്‍ വിളിച്ച പേര് ഒരു അലങ്കാരമായി കണ്ട് മുന്നോട്ട് പോയി.

എന്നാല്‍ നിങ്ങള്‍ അതുകൊണ്ടും നിര്‍ത്തിയില്ല. സൈബര്‍ ആക്രമണം അതിന്റെ എല്ലാ പരിധികളും, മാനുഷിക പരിഗണനകളും മറികടന്ന് മുന്നോട്ട് പോയി. അവിടെയൊന്നും എന്നെയും എന്റെ പ്രസ്ഥാനത്തെയും തളര്‍ത്താന്‍ കഴിയുന്നില്ല എന്ന് വന്നപ്പോള്‍ കായികമായി നേരിടാനിറങ്ങി. എനിക്കുവേണ്ടി പോസ്റ്റര്‍ പ്രചരണം നടത്തിയ പ്രിയ സഹപ്രവര്‍ത്തകരെ ആക്രമിച്ചു. ആ ആക്രമണങ്ങള്‍ എന്റെ വീടിനു നേരെ വരെ എത്തി. എന്തിന്, ' പാല്‍ വില്പനക്കാരി മത്സരിക്കാന്‍ ഇത് ക്ഷീര സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പല്ല' എന്ന പ്രസ്താവനയുമായി ഇവരുടെയെല്ലാം നേതാവ് A.M ആരിഫ് തന്നെ നേരിട്ടിറങ്ങി. ആ പ്രസ്താവനയില്‍ ഒളിഞ്ഞിരുന്ന രാഷ്ട്രീയം മനസ്സിലാക്കാന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കാണാതെ പഠിക്കേണ്ട കാര്യമില്ലല്ലോ. തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ ബൂര്‍ഷ്വാ മുഖം അന്ന് കാണാന്‍ കഴിഞ്ഞു.

അതൊക്കെ കഴിഞ്ഞ് തിരഞ്ഞെടുപ്പില്‍ അതി ശക്തമായ പോരാട്ടം കാഴ്ച്ച വെച്ച് മുന്നേറാന്‍ കഴിഞ്ഞു. പരാജയം നേരിട്ടെങ്കിലും ജനവിധി അംഗീകരിച്ചു. അതാണല്ലോ ജനധിപത്യം. എന്നാല്‍, സൈബര്‍ കടന്നലുകള്‍ക്ക് എന്ത് ജനാധിപത്യം... എല്ലാ കാലത്തും ഇവര്‍ ഏകാധിപത്യ ഭരണ വ്യവസ്ഥിതിയിലാണല്ലോ ജീവിച്ചു ശീലിച്ചത്... ആ ശീലം നമുക്ക് മാറ്റിക്കൊടുക്കാം. അതിന്റെ തുടക്കമാണ് തൃക്കാക്കരയും, ഇപ്പൊള്‍ പുതുപ്പള്ളിയും. അതവിടെ നില്‍ക്കട്ടെ. നമ്മള്‍ പറഞ്ഞു വന്നത് പൂര്‍ത്തീകരിക്കാം: 

കായംകുളം നിയമസഭാ മണ്ഡലത്തില്‍ 20 വര്‍ഷമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ MLA മാര്‍ ആണ് വിജയിച്ചു വരുന്നത്. അവിടെ 2021 ല്‍ 11857 വോട്ടിന് വിജയിച്ച U പ്രതിഭ MLA യുടെ ഭൂരിപക്ഷം 6298-ല്‍ താഴെ എത്തിച്ച തിരഞ്ഞെടുപ്പിനെ വിപ്ലവ വിജയമായി കൊണ്ടാടി, എന്റെ വീടിനു മുന്നില്‍ ഒരു മണിക്കൂറിലേറെ നേരം പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയ 'വിപ്ലവ സിംഹങ്ങളെ' പോലീസ് എത്തി ആണ് നിയന്ത്രിച്ചത് പോലും. നിങ്ങളുടെ ആക്രമണം അവിടംകൊണ്ടും നിങ്ങള്‍ അവസാനിപ്പിച്ചോ? ഇല്ല, നിങ്ങള്‍ അവിടെ തുടങ്ങി എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. സോഷ്യല്‍ മീഡിയയില്‍ നിന്ന് പേഴ്‌സണല്‍ ഫോണിലേക്കായി നിങ്ങളുടെ കടന്നു കയറ്റം. എല്ലാം ഇടത് പ്രൊഫൈലുകള്‍. പോലീസില്‍ പരാതി, സൈബര്‍ സെല്ലില്‍ പരാതി, അവസാനം മുഖ്യ മന്ത്രിക്ക് പരാതി. എന്നിട്ടും ആക്രമണം പൂര്‍വ്വാധികം ശക്തിയോടെ തുടര്‍ന്നു. അതില്‍ പലതും ഞാന്‍ മുഖപുസ്തകത്തിലൂടെ പങ്കുവച്ചിട്ടുമുണ്ട്.

രാത്രിയില്‍ ഉറക്കമില്ലാതെ നിങ്ങള്‍ മെസേജുകള്‍ അയച്ചുകൊണ്ടിരുന്നു. അതിലെല്ലാം ഡബിള്‍ മീനിങ് പദ പ്രയോഗങ്ങള്‍, ലൈംഗിക ചുവയുള്ള മെസേജുകള്‍. അതില്‍ ചിലത് ഇങ്ങനെയും: 'പാല്‍ കറന്നു തരാന്‍ ഞാന്‍ വരട്ടേ?' ഇടതന്‍ മാര്‍ ഏതു നിലവാരത്തിലാണെന്ന് നമുക്കറിയാം. എങ്കിലും ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ എനിക്കുനേരെ നടത്തിയ കുത്സിത പ്രവര്‍ത്തനങ്ങള്‍ എല്ലാം മറന്നുകൊണ്ടുള്ള ഈ കരച്ചില്‍ കാണുമ്പോഴാണ് ചിരി വരുന്നത്..പിന്നെ ഒരു ആശ്വാസം, തിരഞ്ഞെടുപ്പിന്റെ രണ്ടു തലങ്ങളാണ് വിജയവും പരാജയവും എന്നത് ഇപ്പൊളെങ്കിലും ഇടതുപക്ഷ മുന്നണി തിരിച്ചറിഞ്ഞല്ലോ. അതില്‍ ഏറെ സന്തോഷം. പറയാനൊരുപാടുണ്ട് സഖാക്കളേ... എഴുതിയാലുമെഴുതിയാലും തീരില്ല നിങ്ങള്‍ നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന നിലവാരമില്ലാത്ത സൈബര്‍ വീരസാഹസികതകള്‍..

വിമാനത്തിന് തകരാര്‍, ജസ്റ്റിന്‍ ട്രൂഡോയ്ക്കും സംഘത്തിനും ദില്ലിയില്‍ നിന്ന് മടങ്ങാനായില്ല

YouTube video player