അരൂർ കോടംതുരുത്തിലെ പോളിംഗ് സ്റ്റേഷനിലേക്കുള്ള വഴി ലോറികൾ തടസ്സപ്പെടുത്തിയതിനെ തുടർന്ന് വോട്ടെടുപ്പ് മണിക്കൂറുകളോളം തടസ്സപ്പെട്ടു. വയോധികരടക്കം നിരവധി വോട്ടർമാർക്ക് വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്കെതിരെ രാഷ്ട്രീയ പാർട്ടികൾ പരാതി നൽകിയിട്ടുണ്ട്.
അരൂർ: കോടംതുരുത്ത് വിവി എച്ച് എസ്എസ് സ്കൂളിലെ പോളിംഗ് സ്റ്റേഷനിലേക്കുള്ള വഴി ലോറികൾ തടസ്സപ്പെടുത്തിയത് വോട്ടെടുപ്പ് തടസ്സപ്പെടാൻ കാരണമായി. 111, 112 നമ്പർ ബൂത്തുകളിൽ വോട്ടുചെയ്യാനെത്തിയ വയോധികരടക്കമുള്ളവരാണ് ഇതുമൂലം ദുരിതത്തിലായത്. മണിക്കൂറുകളോളം വഴി അടഞ്ഞു കിടന്നതോടെ വോട്ടുരേഖപ്പെടുത്താനാകാതെ നിരവധി വോട്ടർമാർ നിരാശരായി മടങ്ങി. ബൂത്തിന്റെ തെക്കുഭാഗത്തുള്ള ഗേറ്റ് തുറന്നാൽ വോട്ടർമാർക്ക് പ്രവേശനം സുഗമമാകുമെന്ന് പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും ക്ലസ്റ്റർ ഓഫീസർ ഇതിന് തയ്യാറായില്ല. ഒരു പോളിംഗ് സ്റ്റേഷന് ഒരു ഗേറ്റ് മാത്രമേ പാടുള്ളൂ എന്ന സാങ്കേതികത പറഞ്ഞ് ഉദ്യോഗസ്ഥൻ ഉറച്ചുനിന്നതോടെ തർക്കം രൂക്ഷമായി. ഇതിനിടെ പ്രശ്നപരിഹാരം കാണാതെ ക്ലസ്റ്റർ ഓഫീസർമാർ സ്ഥലത്തുനിന്ന് മാറുകയും ചെയ്തു.
രണ്ടുദിവസമായി സ്കൂളിന് മുന്നിൽ അനധികൃതമായി ലോറികൾ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഇക്കാര്യം നാട്ടുകാർ മുൻകൂട്ടി അറിയിച്ചിട്ടും കുത്തിയതോട് പോലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. സംഘർഷാവസ്ഥയുണ്ടായപ്പോൾ പോലീസ് എത്താൻ അരമണിക്കൂർ വൈകി. പിന്നീട് 'പരിവാഹൻ' പോർട്ടൽ വഴി ഡ്രൈവറുടെ നമ്പർ കണ്ടെത്തി ലോറി മാറ്റാൻ രണ്ട് മണിക്കൂറോളം വേണ്ടിവന്നു. അപ്പോഴേക്കും വോട്ടുചെയ്യാനെത്തിയ പലരും മടങ്ങിപ്പോയിരുന്നു. സംഭവത്തിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ക്ലസ്റ്റർ ഓഫീസർക്കും തിരഞ്ഞെടുപ്പ് വിഭാഗത്തിനും പരാതി നൽകി. ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാർക്ക് സൗകര്യമൊരുക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.


