തിരുവല്ല റെയിൽവേ സ്റ്റേഷനിൽ 27 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി. ഇതിന് പിന്നാലെ, ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ
തിരുവല്ല: എംഡിഎംഐയുമായി മൂന്ന് യുവാക്കൾ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഡാൻസാഫ് സംഘത്തിന്‍റെയും തിരുവല്ല പൊലീസിന്‍റെയും പിടിയിലായി. 27 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ബാംഗളൂരു - കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ ബുധനാഴ്ച രാവിലെ 10 മണിയോടെ എത്തിയ അയിരൂർ സ്വദേശികളായ സെബിൻ , സോനു , ചാലക്കുടി സ്വദേശിയായ വിമൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ട്രെയിൻ ഇറങ്ങി നടക്കവേ പ്രധാന കവാടത്തിന് സമീപത്ത് നിന്നും ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് മൂവരെയും വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. സോനുവിന്‍റെ ബാഗിൽ നിന്നുമാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്ന് പതിവായി എംഡിഎംഎ കടത്തുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.
നഴ്സിങ് വിദ്യാർഥി അറസ്റ്റിൽ
അതേസമയം, ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനിയായ നഴ്സിങ് വിദ്യാർഥി അറസ്റ്റിലായി. തിരുവനന്തപുരത്തേക്ക് ലഹരി കടത്ത് നടത്തിയ സംഭവം അന്വേഷിച്ചെത്തിയ പാറശാല പൊലീസ് ആണ് ഇയാളെ ബംഗളൂരുവിലെ ഷംപുരയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ നഴ്‌സിംഗ് കോളെജ് വിദ്യാർഥിയായ എറണാകുളം അങ്കമാലി കാര്യംപറമ്പ് സ്വദേശി ഡെന്നി ജോസ്(21) ആണ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഒമ്പതിന് ബംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായെത്തിയ നെയ്യാറ്റിൻകര, വെൺപകൽ സ്വദേശി ശ്യാമിനെ പാറശാല പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടെന്നി ജോസിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം ഇയാളുമായി ബംഗളൂരുവിലെത്തി നടത്തിയ അന്വേഷണത്തിലാണ് ടെന്നി ജോസ് പിടിയിലാവുന്നത്. പാറശാല എസ്ഐ ദീപു എസ്. എസിന്‍റെ നേതൃത്വത്തിൽ ബംഗളൂരുവിലെത്തിയ പൊലീസ് സംഘം ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരായ വിമൽരാജ്, റോയി, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


