ക്ലിന്‍റിന്‍റെ അച്ഛൻ എം.ടി.ജോസഫിന്‍റെ മൃതദേഹം ഇന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ആയിരുന്നു അന്ത്യം
കൊച്ചി: ഒരായുസ് മുഴുവൻ മകന്‍റെ ഓർമ്മകൾക്ക് കാവലിരുന്ന ജോസഫ് മരണശേഷവും മകനെ വേദനിപ്പിക്കാൻ തയ്യാറായിരുന്നില്ല. മകന്‍റെ കല്ലറയിൽ അവൻ മാത്രം ഉറങ്ങണമെന്ന ആഗ്രഹമാണ് തന്‍റെ മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിന് കാരണമായത്.ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ആയിരുന്നു എം.ടി.ജോസഫിന്‍റെ അന്ത്യം.ജോസഫിന് ഒപ്പം ഭാര്യ ചിന്നമ്മയും മരണാന്തരം മൃതദേഹം കൈമാറാനുള്ള സമ്മതപത്രം നൽകിയിട്ടുണ്ട്.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ഉദ്യോഗസ്ഥനായിരുന്നു എം ടി ജോസഫ്. എന്നാൽ മരണം വരെയും ക്ലിന്‍റ് എന്ന അത്ഭുത ബാലന്‍റെ പിതാവായാണ് ജോസഫ് അറിയപ്പെട്ടത്. 2522 ദിവസം മാത്രം ജീവിച്ച് ഇരുപത്തയ്യായിരത്തിലേറെ ചിത്രങ്ങൾ വരച്ച ക്ലിന്‍റിന്‍റെ വരകൾക്ക് വർണം നൽകിയത് ഈ അച്ഛനായിരുന്നു. കരൾ രോഗ ബാധിതനായി മകൻ മാറിയപ്പോഴും അവന്‍റെ കൈയിൽ പെൻസിലും ക്രയോണും എണ്ണഛായവുമെല്ലാം നൽകി ജോസഫ് ഒപ്പം നിന്നു. അവന്‍റെ ചിത്രങ്ങൾ ഓരോന്നും നെഞ്ചോടടുക്കി വെച്ചു. അവയ്ക്ക് കാവലിരുന്നു. ക്ലിന്‍റിന് ഏറ്റവും ഇഷ്ടപ്പെട്ട ദൈവമായ ഗണപതിയുടെ പടത്തിനൊപ്പം മകന്‍റെ പടവും വെച്ച് അതിന് മുന്നിൽ എന്നും ചുട്ട തേങ്ങ കൊണ്ടു വെച്ചു. അവന്‍റെ കല്ലറയും ഓർമയും എന്നും നിലനിൽക്കണമെന്ന മോഹം നിറവേറ്റി അയാൾ മടങ്ങുന്നു. ഇനി ക്ലിന്‍റിന്‍റെ ചിത്രങ്ങൾക്ക് കാവലായി അമ്മ ചിന്നമ്മ മാത്രം.
