കൊവിഡ് കാലത്ത് കുട്ടികളുടെ വീടുകൾ സന്ദർശിച്ച് ആവശ്യമായ സഹായം ചെയ്യണമെന്ന സർക്കാർ നിർദ്ദേശമനുസരിച്ച് അധ്യാപകർ ഗൃഹസന്ദർശനം നടത്തുമ്പോഴാണ് പല കുട്ടികളുടെയും പാർപ്പിടങ്ങൾ അതീവശോചനീയമായ സ്ഥിതിയിലാണെന്ന് ബോധ്യപ്പെട്ടത്.
തിരുവനന്തപുരം: ദുരിതപ്പെരുങ്കടലിൽ നിലയറ്റുപോയ കുരുന്നുകൾക്ക് തണൽവീടൊരുക്കി പുതുചരിത്രം സൃഷ്ടിക്കുകയാണ് അരുവിക്കര ഗവൺമെന്റ് ഹയർസെക്കൻഡറി വിദ്യാലയത്തിലെ അധ്യാപക രക്ഷാകർതൃ സംഘടന. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സ്കൂൾ പി ടി എയും എസ് എം സിയും ചേർന്ന് നിർമ്മിച്ചു നൽകിയത് നാല് വീടുകളാണ്. സ്വാഭാവികമായ അധ്യയനം തടസ്സപ്പെട്ട കൊവിഡ് കാലത്ത് കുട്ടികളുടെ വീടുകൾ സന്ദർശിച്ച് ആവശ്യമായ സഹായം ചെയ്യണമെന്ന സർക്കാർ നിർദ്ദേശമനുസരിച്ച് അധ്യാപകർ ഗൃഹസന്ദർശനം നടത്തുമ്പോഴാണ് പല കുട്ടികളുടെയും പാർപ്പിടങ്ങൾ അതീവശോചനീയമായ സ്ഥിതിയിലാണെന്ന് ബോധ്യപ്പെട്ടത്.
വീടൊരു സ്വപ്നം മാത്രമായിരുന്ന നാല് കുട്ടികളെ കൈ പിടിച്ചുയർത്തി അരുവിക്കര ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ. അധ്യാപകരും പിടിഎയും മുൻകൈയെടുത്താണ് വിദ്യാർത്ഥികൾക്ക് വീടൊരുക്കി നൽകിയത്. ഇങ്ങനെയൊരു വീട് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മക്കളായ നയനെയും പവനയെയും ചേർത്തു നിർത്തി ഉഷ എന്ന രക്ഷിതാവ് പറയുന്നു. സ്വന്തം വീട്ടുകാരെപ്പോലെ ഇടപെടുന്ന അധ്യാപകരാണ് ഇവിടെയുള്ളതെന്നും ഉഷയുടെ വാക്കുകൾ. ധാരാളം കുഞ്ഞുങ്ങൾക്ക് അനുഗ്രഹമാകുന്നുണ്ട് ഇവരെന്നും ഉഷ സന്തോഷത്തോടെ കൂട്ടിച്ചേർത്തു.
ഇതുപോലെ സന്തോഷിക്കുന്ന 4 കുടുംബങ്ങളുണ്ട് ഇന്ന് അരുവിക്കര പഞ്ചായത്തിൽ. ഒരു സ്കൂൾ നിർമ്മിച്ചു നൽകിയ സ്നേഹവീടുകളിലിരുന്ന് സന്തോഷിക്കുന്ന വിദ്യാർത്ഥികൾ. സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് തണൽവീടൊരുക്കി ഒരു നാടിന്റെ മുഴുവൻ സ്നേഹം പിടിച്ചു പറ്റുകയാണ് അരുവിക്കര ഗവൺമെന്റ് സ്കൂളും അവിടുത്തെ അധ്യാപകരും പിടിഎയും. വീടില്ലാതെ വിഷമിച്ചിരുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ സ്വപ്നത്തിലേക്ക് താക്കോൽ കൈമാറിയിരിക്കുകയാണ് ഈ സ്കൂൾ. ഒന്നരവര്‍ഷം കൊണ്ട് 4 വീടുകളുടെയും പണി കഴിഞ്ഞ് താക്കോല്‍ കൈ മാറി. ഇടിഞ്ഞുവീഴാത്ത, മഴ ചോരാത്ത, വാടക കൊടുക്കാത്ത വീട്ടിലിരുന്ന് ഇനി അരുവിക്കര സ്കൂളിലെ കുട്ടികള്‍ പഠിക്കും.

