മലയിൽ നിന്ന് വരുന്ന വെള്ളവും മറ്റു വീടുകളിൽ നിന്നും വരുന്ന വെള്ളവും വന്നുചേരുന്നത് ഇവരുടെ വീടിനു ചുറ്റുമായിട്ടാണ്

തൃശൂർ: കനത്ത മഴ പെയ്താൽ വീടിന് ചുറ്റും രൂപപ്പെടുന്ന വെള്ളക്കെട്ടിൽ ദുരിത ജീവിതം നയിക്കുകയാണ് പാണേക്കാട് എഫ്സി ഹോളി ട്രിനിറ്റി കോൺവെന്റിനു സമീപം താമസിക്കുന്ന വൃദ്ധ ദമ്പതികൾ. ഇമ്മട്ടി വീട്ടിൽ സ്കറിയ ഭാര്യ ഏല്യ കുട്ടി എന്നിവർക്കാണ് ദുരിതം. മലയിൽ നിന്ന് വരുന്ന വെള്ളവും മറ്റു വീടുകളിൽ നിന്നും വരുന്ന വെള്ളവും വന്നുചേരുന്നത് ഇവരുടെ വീടിനു ചുറ്റുമായിട്ടാണ്. മഴ അല്പം കൂടി കനത്താൽ വീട്ടിനകത്തും വെള്ളം കയറും. നിലവിൽ വീടിൻറെ തറക്കൊപ്പം വെള്ളക്കെട്ടാണ്. അടുക്കള ഭാഗത്ത് നിറയുന്ന വെള്ളക്കെട്ട് ബക്കറ്റ് കൊണ്ട് കോരി ഒഴിവാക്കിയാണ് നിയന്ത്രിക്കുന്നത്. 

വിഷയം സംബന്ധിച്ച് പല തവണ പഞ്ചായത്തിനും പഞ്ചായത്ത് അംഗത്തിനും പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല. പ്രദേശത്ത് അടുത്തിടെ കോൺക്രീറ്റ് റോഡ് നിർമ്മിച്ചിരുന്നു. അഴുക്കുചാൽ ഒഴിവാക്കി വെള്ളം പോകുന്നതിനായി ഒരു ഭാഗം ചരിച്ചാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ഉയർന്നു നിൽക്കുന്ന റോഡിൻറെ ഭാഗത്താണ് ഇവരുടെ വീട്. ഇവിടെനിന്നുള്ള വെള്ളം റോഡിന് കുറുകെ എത്തിക്കാൻ കഴിഞ്ഞാൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ കഴിയും. റോഡ് പണി നടക്കുന്ന സമയത്ത് വെള്ളം ഒഴിവാക്കാൻ വേണ്ട നടപടികൾ ചെയ്തു തരാമെന്ന് പഞ്ചായത്തംഗം ഉറപ്പുനൽകിയെങ്കിലും അതുണ്ടായില്ല. 

വെള്ളത്തിൽ ചവിട്ടിക്കയറുകയും ഇറങ്ങുകയും ചെയ്യുന്നത് മൂലം പകർച്ചവ്യാധികൾ പിടിപെടുമോ എന്ന ആശങ്കയും ഈ വയോധികർക്കുണ്ട്. നടപടിക്കായി ഇനി ഏതു വാതിൽ മുട്ടണമെന്ന് അറിയാതെ മഴ കനക്കുമ്പോൾ ഇരുണ്ട മനസ്സുമായി കാത്തിരിക്കുകയാണ് ഇവർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം