പ്രതിക്കെതിരെ പത്തനംതിട്ട, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുണ്ട്

ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരത്തിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് പണവും രേഖകളുമടങ്ങുന്ന പഴ്സ് മോഷ്ടിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട തോട്ടപ്പുഴശ്ശേരി തടിയൂർ കുറിയന്നൂർ കയ്പ്പുകശ്ശേരിൽ വീട്ടിൽ ഷാജൻ വർഗീസ് (65) ആണ് പിടിയിലായത്. 

ചെങ്ങന്നൂർ ഗവ. ആശുപത്രിയിൽ രോഗിയുമായി വന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ കിടങ്ങന്നൂർ നീർവിളാകം മേക്കുന്നിൽ പടിഞ്ഞാറേതിൽ പ്രസാദിന്റെ 3200 രൂപ, എ ടി എം കാർഡ്, ആധാർ, റേഷൻ കാർഡ് എന്നിവയടങ്ങിയ പഴ്സാണ് കവർന്നത്. ഓട്ടോറിക്ഷക്ക് സമീപം ഡ്രൈവറാണെന്ന് തോന്നിപ്പിക്കുന്ന വിധം നിൽക്കുകയും ഓട്ടോറിക്ഷക്ക് സമീപം ഡ്രൈവറാണെന്ന് തോന്നിപ്പിക്കുന്ന വിധം നിൽക്കുകയും ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്ന് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 

പ്രതിക്കെതിരെ പത്തനംതിട്ട, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുണ്ട്. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ എ സി വിപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനില കുമാരി, സീനിയർ സി പി ഒമാരായ അനിൽ, സിജു, രാഹുൽ, ഹസൻ, അരുൺ പാലയൂഴം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Read more: ശാന്തി നിയമനത്തിനായി വ്യാജ രേഖകൾ ഹാജരാക്കി; നാല് പൂജാരിമാർക്ക് ഒരു വർഷം തടവ്

അതേസമയം, പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ സംഘം തൃശൂരിൽ അറസ്റ്റിലായി. അഴീക്കോട് അയ്യാരില്‍ അഹമ്മദ് ഹാബില്‍, പൊടിയന്‍ ബസാര്‍ ചെമ്പനെഴത്തു സൂര്യ, മേത്തല ഉണ്ടേക്കടവ് പെരിങ്ങാട്ട് പ്രണവ് എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ചു വില കൂടിയ വാച്ചുകളും വീട്ടിലെ ഉപകരണങ്ങളും കാറിന്റെ ബാറ്ററിയും മോഷ്ടിച്ച പത്തോളം പേരുടെ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതികളായ മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.

ശൃംഗപുരം ഗവ. ബോയ്സ് ഹൈസ്‌കൂളിന് പടിഞ്ഞാറുവശത്തുള്ള ജിബി നിലയം വീട്ടില്‍ ജയരാജന്റെ ഭാര്യ ഭാഗ്യലക്ഷ്മിയുടെ രണ്ടുമാസമായി പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. മോഷണം ചെയ്തെടുത്ത മുതലുകള്‍ പലപ്പോഴായി വിറ്റശേഷം കിട്ടിയ പണം ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനും മറ്റുമായാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ മുമ്പും പല സ്റ്റേഷനുകളിലെയും മോഷണ കേസുകളില്‍ പ്രതികളാണ്. സംഘത്തിലെ മറ്റ് അംഗങ്ങളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.