ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്- മുൻകൂർ അറിയിപ്പ് നൽകാതെ സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ടുള്ള ഉത്തരവിറങ്ങിയത് ഈ മാസം 10നാണ്. പട്ടിക ജാതി, വകുപ്പ് വിഭാഗത്തിൽ ഉൾപ്പെടുന്ന 19 സെക്യൂരിറ്റി ജീവനക്കാർ ഇതോടെ ദുരിതത്തിലായി.

പാലക്കാട്: മലമ്പുഴ ഉദ്യാനത്തിലെ സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുക്കാൻ തീരുമാനം. ജില്ല കളക്ടർ തൊഴിലാളി നേതാക്കളുമായുള്ള ചർച്ചയിലാണ് തീരുമാനം. 19 സെക്യൂരിറ്റി ജീവനക്കാർക്കും തിങ്കളാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കാം. ഏഷ്യനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. നവീകരണത്തിനായി മലമ്പുഴ ഡാം അടച്ചതോടെ സേവക് സൊസൈറ്റി മുഖാന്തരമുള്ള 19 സെക്യൂരിറ്റിക്കാരെ പിരിച്ചുവിട്ടിരുന്നു. മുൻകൂർ അറിയിപ്പ് നൽകാതെ സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ടുള്ള ഉത്തരവിറങ്ങിയത് ഈ മാസം 10നാണ്. പട്ടിക ജാതി, വകുപ്പ് വിഭാഗത്തിൽ ഉൾപ്പെടുന്ന 19 സെക്യൂരിറ്റി ജീവനക്കാർ ഇതോടെ ദുരിതത്തിലായി. 

എക്സ്- മിലിറ്ററി ഉദ്യോഗസ്ഥർ അടങ്ങുന്ന എംഡിസി വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരെ മാത്രമാണ് ഡാം അധികൃതർ നിലനിർത്തിയത്. മാസം 12,000- 18,000 രൂപയായിരുന്നു സേവക് വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പളം. സമരത്തിലേക്ക് നീങ്ങുമെന്ന് സെക്യൂരിറ്റി ജീവനക്കാരുടെ തൊഴിലാളി സംഘടന അറിയിച്ചതോടെയാണ് ചർച്ചക്ക് തയാറായത്. നവീകരണത്തിനായി ഡാം അടച്ചിടുമ്പോൾ നിലനിർത്തേണ്ട ജീവനക്കാരിൽ ഇല്ലാത്തതിനാലാണ് സേവക് വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ഡാം അധികൃതർ പറഞ്ഞു.