വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിലാണ് ആദിവാസി വിഭാഗവും തോട്ടം തൊഴിലാളികളുമടങ്ങിയ ഒരു പറ്റം മനുഷ്യർ വന്യജീവി ശല്യത്താലും, വെള്ളവും വെളിച്ചവും എത്താത്തുകൊണ്ടും ദുരിതം പേറുന്നത്.

വയനാട്: തദ്ദേശ തെരഞ്ഞെടുപ്പ് പോരിൽ വോട്ടുറപ്പിക്കാൻ ഇടതും, വലതും, ബിജെപിയും പ്രചാരണ പരിപാടികൾ വ്യാപകമായി ആരംഭിച്ചു കഴിഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും വാഗ്ദാനങ്ങൾ മാത്രം കേട്ട്, ഇന്നും ദുരിത ജീവിതം നയിക്കുന്ന ഒരു ജനതയുണ്ട് വയനാട്ടിൽ. ഷീറ്റുകൊണ്ട് കെട്ടി മറിച്ച് വീടുകളിൽ കഴിയുന്നവ‍ർ, കാടിന്‍റെ മറവിൽ പ്രാഥികാവശ്യങ്ങൾ നിറവേറ്റേണ്ടി വരുന്നവ‍ർ, വന്യ ജീവി ഭീതിയാൽ വീടിന് പുറത്തിറങ്ങാൻ പോലുമാവാത്ത മനുഷ്യ‍ർ. വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിലാണ് ആദിവാസി വിഭാഗവും തോട്ടം തൊഴിലാളികളുമടങ്ങിയ ഒരു പറ്റം മനുഷ്യർ വന്യജീവി ശല്യത്താലും, വെള്ളവും വെളിച്ചവും എത്താത്തുകൊണ്ടും ദുരിതം പേറുന്നത്.

വനംവകുപ്പിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വന്യജീവി ശല്യമുള്ളത് 9 തദ്ദേശ സ്ഥാപനങ്ങളിലാണ്. ഇതിൽ ആറുമുള്ളത് വയനാട്ടിലാണ്. അതിലൊന്നാണ് തവിഞ്ഞാൽ പ‍‌ഞ്ചായത്ത്. വന്യജീവി ശല്യം മൂലം ജീവിതം പൊറുതിമുട്ടിയവരും, ഉറ്റവരെ നഷ്ടപ്പെട്ടവരുമാണ് ഇവിടെ താമസിക്കുന്നത്. പോകാൻ മറ്റൊരിടമില്ലാത്തത് കൊണ്ട് മാത്രം വനത്തിൽ കഴിയുന്ന നിസഹായരായ മനുഷ്യർ ഏഷ്യാനെറ്റ് ന്യൂസ് ലൗഡ് സ്പീക്കർ സംഘത്തോട് മനസ് തുറന്നു. വന്യമൃഗങ്ങളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്ന് തവിഞ്ഞാലിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളും ആദിവാസി വിഭാഗങ്ങളും പറയുന്നു.

എന്ത് കൃഷി ചെയ്താലും പന്നി നശിപ്പിക്കും. ഇടക്ക് കടുവയുടെ ആക്രമണം ഉണ്ടാകും. പുറത്ത് പോകാൻ പോലും സാധിക്കാതെ എല്ലാവരും ഭീതിയിൽ വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുന്ന അവസ്ഥയാണ്. വെള്ളമില്ല, വെളിച്ചമില്ല, ഒരാശ്രയവും ഇല്ലാത്തത് കൊണ്ട് ഇവിടെ നിൽക്കുകയാണെന്ന് നാട്ടുകാർ ലൗഡ് സ്പീക്കറിനോട് പറഞ്ഞു. പന്നിയടക്കമുള്ള വന്യ ജീവികളുടെ ശല്യമുള്ളതിനാൽ ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയാണെന്ന് സ്ത്രീകളടക്കമുള്ള തൊഴിലാളികൾ പറഞ്ഞു.

വന്യജീവി ശല്യം,അടച്ചുറപ്പുള്ള വീടുകളില്ല;നിസ്സഹായരായ ഈ മനുഷ്യർക്കും പറയാനുണ്ട്,പക്ഷെ കേൾക്കാൻ ആളില്ല

പ്രശ്നങ്ങൾക്ക് പരിഹാരം കണുന്നവർക്ക് വോട്ട് 

തവിഞ്ഞാൽ പഞ്ചായത്തിൽ 100 ലേറെ ആദിവാസി കുടുംബങ്ങളാണ് പട്ടയമില്ലാതെ വെച്ചുകെട്ടിയ വീടുകളിൽ ജീവിക്കുന്നത്. നല്ലൊരു കാറ്റോ മഴയോ വന്നാൽ ഷെഡ് തക‍ർന്ന് പെരുവഴിയിലാകുമെന്ന ഭീതിയിലാണ് ഇവരുടെ ജീവിതം. ഒരു കുഴി കുത്തി പ്ലാസ്റ്റിക് ഷീറ്റ് മറച്ച ശുചിമുറിയും കുളിമുറിയുമാണ് മിക്ക വീടുകളിലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഉപയോഗിക്കുന്നത്. ഈ പ്രശ്നങ്ങൾക്കൊക്കെ ആര് പരിഹാരം കണ്ടെത്തും, അവ‍ർക്കാണ് ഞങ്ങളുടെ വോട്ടെന്നാണ് തവിഞ്ഞാലിലെ ജനത പറയുന്നത്.