Asianet News MalayalamAsianet News Malayalam

ബത്തേരിയില്‍ കാട്ടാനയിറങ്ങിയ സംഭവം: 'നടപടി സ്വീകരിച്ചില്ല ഗുരുതര വീഴ്ച', ചീഫ് വൈൽഡ് ലൈഫ് വാർഡന് നോട്ടീസ്

കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് വിമര്‍ശനം.

Assessing the chief wildlife warden became serious failure in handling the incident of wild elephant in sultan bathery
Author
First Published Jan 7, 2023, 7:51 PM IST

വയനാട്: ബത്തേരിയിൽ കാട്ടാനയിറങ്ങിയത് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ചീഫ് വൈൽഡ് ലൈഫ് വാർഡന് കാരണം കാണിക്കൽ നോട്ടീസ് നൽകി സംസ്ഥാന സർക്കാർ. ആനയെ അടിയന്തരമായി മയക്കുവെടിവച്ച് പിടികൂടാൻ വനം വകുപ്പ് മന്ത്രി നിർദേശം നൽകിയിട്ടും ഗംഗാ സിങ്ങ് നടപടി സ്വീകരിച്ചില്ലെന്നാണ് വിലയിരുത്തൽ. ബത്തേരിയിലിറങ്ങിയ ആളെ കൊല്ലിയായ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് വൈകിയതിൽ ഇന്ന് വ്യാപക പ്രതിഷേധം ഉയർ‍ന്നിരുന്നു. വനം വകുപ്പ് ഓഫീസ് ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്ങിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 

ഇന്നലെ രാത്രി 11 മണിക്ക് കാട്ടാനയെ മയക്കുവവെടിവച്ച് പിടികൂടാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വനം വകുപ്പ് മന്ത്രി ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇത് വൈൽഡ് ലൈഫ് വാർഡൻ ഗൗരവത്തോടെ കണ്ടില്ല. പ്രതിഷേധങ്ങൾ ഉയർന്ന സമയത്താണ് ഉത്തരവിറക്കിയത്. കൃത്യ നിർവഹണത്തിലെ ഈ അലംഭാവം ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കി. സംസ്ഥാനത്തെ മറ്റ് വന്യ ജീവി ആക്രമണങ്ങളിലും വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് സർക്കാർ വ്യക്തമാക്കി. 

അടുത്ത ദിവസം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഗംഗാ സിങ്ങിന് നോട്ടീസ് അയച്ചത്. വനപാലകർക്കിടയിലും ഉദ്യോഗസ്ഥനെതിരെ അമർഷമുണ്ട്. കാര്യങ്ങൾ പഠിക്കാതെ എടുക്കുന്ന തീരുമാനങ്ങൾ മിക്ക വന്യമൃഗ ദൗത്യങ്ങളും സങ്കീർണ്ണമാക്കുന്നുവെന്നാണ് പരാതി. വയനാട്ടിൽ നിന്നുള്ള വിദഗ്ധ സംഘത്തെ സെവൻ കാട്ടാനയെ പിടികൂടാൻ പാലക്കാടേക്ക് അയച്ചതും പ്രതിഷേധങ്ങൾക്കിടയാക്കി.

Follow Us:
Download App:
  • android
  • ios