നിര്‍ണായക വിവരങ്ങളടങ്ങിയ 50 പേജുള്ള ഡയറിക്കുറിപ്പും പൊലീസിന് ലഭിച്ചു. അനീഷ്യ മറ്റൊരു അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ വിവരാവകാശം നല്‍കിയതിനെതിരെയാണ് ഭീഷണിപ്പെടുത്തിയത്
കൊല്ലം:കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്‌റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മഹത്യ ചെയ്ത അനീഷ്യയെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. നിര്‍ണായക വിവരങ്ങളടങ്ങിയ 50 പേജുള്ള ഡയറിക്കുറിപ്പും പൊലീസിന് ലഭിച്ചു. അനീഷ്യ മറ്റൊരു അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ വിവരാവകാശം നല്‍കിയതിനെതിരെയാണ് ഭീഷണിപ്പെടുത്തിയത്. 'ഞങ്ങടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്. വിവരാവകാശം പിന്‍വലിക്കണം', എന്നായിരുന്നു ഭീഷണി. കാസര്‍കോടേക്ക് സ്ഥലം മാറ്റുമെന്നും ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്നും അഭിഭാഷകന്‍ ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച ഭീഷണി ഉണ്ടായതിന് പിന്നാലെ അനീഷ്യ മാനസികമായി തളർന്നു. അതേസമയം, അന്വേഷണത്തിന്‍റെ ഭാഗമായി അനീഷ്യയുടെ വീട്ടിൽ പൊലീസ് ഇന്ന് വീണ്ടും പരിശോധന നടത്തും.
അനീഷ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ മേലുദ്യോഗസ്ഥൻ്റേയും സഹപ്രവർത്തകരുടേയും മാനസിക പീഡനമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിനിടെ, എപിപി എസ് അനീഷ്യയുടെ ശബ്ദരേഖ പുറത്ത് വന്നു. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചു. ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചുവെന്നും ജോലി ചെയ്യുന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയില്‍ പറയുന്നു. ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. അനീഷ്യ സുഹൃത്തുക്കൾക്ക് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് പുറത്തായത്.
കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ വിടവാങ്ങൻ കുറിപ്പെഴുതിയും സ്റ്റാറ്റസ് ഇട്ടതിനും ശേഷമായിരുന്നു ആത്മഹത്യ. ഒമ്പത് വർഷമായി പരവൂർ കോടതിയിൽ എ പി പിയായി ജോലി ചെയ്യുന്ന അനീഷ്യ നേരിട്ടത് ക്രൂരമായ തൊഴിൽ മാനസിക പീഡനമെന്നാണ് ബന്ധുക്കളുടെ പരാതി. ഇക്കാര്യം സുഹൃത്തുക്കളേയും ബന്ധുക്കളേയും നിരവധി തവണ അനീഷ്യ അറിയിച്ചു. ജോലി സ്ഥലത്ത് കടുത്ത അവഗണനയും മാനസിക സമ്മർദ്ദവും നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ഡയറി പരവൂർ പൊലീസിന് കിട്ടി. നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നു. മാവേലിക്കര സെഷൻസ് കോടതി ജഡ്‌ജ് അജിത്ത്കുമാറാണ് അനീഷ്യയുടെ ഭർത്താവ്. ഇരുവരുടേയും പ്രണയ വിവാഹം. പ്ലസ് വണ്ണിന് പഠിക്കുന്ന മകളുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം അനീഷ്യയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
