അമ്പൂരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സീനാ അനിലിന്‍റെ വീടിന് നേരെ ആക്രമണം നടന്നു, ബൈക്ക് കത്തിനശിച്ചു. സംഭവത്തിൽ സിപിഎം പ്രവർത്തകനായ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: അമ്പൂരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം നടന്ന സംഭവത്തിൽ പ്രതിയെ സംരക്ഷിക്കാൻ പൊലീസിന് മേൽ സിപിഎം സമ്മർദമെന്ന് ആക്ഷേപം. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിലെ വൈസ് പ്രസിഡന്‍റ് സീനാ അനിലിന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ, വീടിന് മുന്നിലിരുന്ന ബൈക്ക് കത്തിനശിച്ചിരുന്നു. ഒപ്പം വീടിന്‍റെ മുൻഭാഗത്തും കേടുപാടുകളുണ്ടായി.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സീനയുടെ മകൻമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൊട്ടിത്തെറി ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. ഇതോടെ സമീപവാസികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇരുളിൽ ഒരാൾ മാറുന്നത് കണ്ടിരുന്നതിനാൽ പൊലീസ് അന്വേഷണത്തിൽ പ്രദേശിക സിപിഎം പ്രവർത്തനായ സമീപവാസി ബിജുവിനെ അറസ്റ്റ് ചെയ്തു.
എന്നാൽ, സിപിഎം ബന്ധമുള്ള ഇയാളെ നിസാര വകുപ്പുകൾ ചുമത്തി സംരക്ഷിക്കാൻ പൊലീസിന് മേൽ പ്രദേശിക സിപിഎം നേതൃത്വത്തിന്‍റെ സമ്മർദമുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് മംഗലശേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കോടതിയിൽ ഹാജരാക്കാനുള്ള നടപടികളിലാണെന്നും നെയ്യാർ ഡാം പൊലീസ് അറിയിച്ചു.


