Asianet News MalayalamAsianet News Malayalam

കൊല്ലത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ തൊണ്ടിമുതൽ പൊലീസ് കസ്റ്റഡിയില്‍ നിന്ന് കാണാതായി

പ്രതികളെ സഹായിക്കുന്നതിന് വേണ്ടി പൊലീസ് ബോധപൂര്‍വ്വം തൊണ്ടിമുതല്‍ നശിപ്പിച്ചെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ വി കെ സന്തോഷ് കുമാറിന്‍റെ പരാതി.

attack on environmentalist in Kollam tools used to attack gone missing from police custody
Author
First Published Aug 18, 2024, 8:18 AM IST | Last Updated Aug 18, 2024, 8:18 AM IST

കൊല്ലം: കൊല്ലത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ തൊണ്ടിമുതലുകള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് കാണാതായി. വിചാരണ തുടരുന്ന കേസില്‍ കോടതി സൂക്ഷിക്കാന്‍ നല്‍കിയ തൊണ്ടിമുതലാണ് പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് നഷ്ടപ്പെട്ടത്. പ്രതികളെ സഹായിക്കുന്നതിന് വേണ്ടി പൊലീസ് ബോധപൂര്‍വ്വം തൊണ്ടിമുതല്‍ നശിപ്പിച്ചെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ വി കെ സന്തോഷ് കുമാറിന്‍റെ പരാതി.

2017 മെയിലാണ് പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ വി കെ സന്തോഷ് കുമാറിനെ ഒരു സംഘം ആക്രമിച്ചത്. സന്തോഷ് കുമാറിന്‍റെ വാഹനം അടക്കം നശിപ്പിച്ചായിരുന്നു ആക്രമണം. ക്വാറി ഉടമകളെ പ്രതി ചേര്‍ത്ത് സന്തോഷ് കുമാര്‍ ഇന്നും നിയമ പോരാട്ടത്തിലാണ്. എന്നാല്‍ കേസിന്‍റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെ നിര്‍ണ്ണായക തെളിവായ തൊണ്ടിമുതലുകള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് അപ്രത്യക്ഷമായി. സന്തോഷ് കുമാറിനെ ആക്രമിക്കാന്‍ ഉപയോഗിച്ച വസ്തുക്കളാണ് പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായത്. വിചാരണയുടെ ഏത് ഘട്ടത്തിലും ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തോടെ കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സൂക്ഷിക്കാന്‍ നല്‍കിയ തൊണ്ടി മുതലുകളാണിവ. 

പലതവണ തൊണ്ടിമുതല്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും പൊലീസ് സാവകാശം തേടി ഒഴിഞ്ഞുമാറി. താക്കീതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷന്‍റെ നവീകരണത്തിനിടെ തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ടെന്ന് പൂയപ്പള്ളി പൊലീസ് വിശദീകരണം നല്‍കിയത്. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ പൊലീസ് തൊണ്ടിമുതല്‍ നശിപ്പിച്ചെന്നാണ് പരാതി.

ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും കസ്റ്റഡിയിലുള്ള തൊണ്ടിമുതലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലീസ് തുടരുന്ന അനാസ്ഥയുടെ തെളിവാണെന്നും സന്തോഷ് കുമാര്‍ ആരോപിക്കുന്നു. പൂയപ്പള്ളി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

പിടിഎ യോഗത്തിനിടെ ക്ലാസ് മുറിയിൽ അതിക്രമിച്ചുകയറി പ്രധാനാധ്യാപികയെ മർദിച്ചു; യുവാവ് അറസ്റ്റിൽ

Latest Videos
Follow Us:
Download App:
  • android
  • ios