പത്തനംതിട്ടയിൽ ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. ഇലന്തൂർ സ്വദേശി ബിജുമോനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട: ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ പൂജാരി അറസ്റ്റിൽ. ഇലന്തൂർ സ്വദേശി ബിജുമോൻ എം പി (52) ആണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലാണ് സംഭവം.
ക്ഷേത്രത്തിലെ കഴകം ജോലിചെയ്യുന്ന വിജയമ്മ (63) യുടെ മാലയാണ് ബിജുമോൻ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. പതിവുപോലെ വിജയമ്മ ക്ഷേത്ര ജോലികളിൽ മുഴുകുന്ന സമയത്ത് ബിജുമോൻ ദൂരെ മാറ്റി ബൈക്ക് പാർക്ക് ചെയ്ത ശേഷം സമീപത്തുള്ള റബ്ബർ തോട്ടത്തിലൂടെ ക്ഷേത്രത്തിനുള്ളിൽ എത്തി. വിജയമ്മയ്ക്ക് നേരെ മുളകുപൊടി വിതറി കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. വിജയമ്മ നിലവിളിച്ചതോടെ പൂജാരി പുറത്തേക്ക് ഓടി. രക്ഷപ്പെടാൻ ശ്രമിച്ച പൂജാരിയെ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ചു.
നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ ഇലവുംതിട്ട പൊലീസ് പൂജാരിയെ കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
