ഇന്നലെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തിലാണ് നിർദ്ദേശം. കാപ്പ തടവുകാർ തീർത്തും അക്രമാസക്തരാണെന്ന് ജയിൽ വകുപ്പ് അധികൃതർ പറയുന്നു.

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം. ഇന്നലെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തിലാണ് നിർദ്ദേശം. കാപ്പ തടവുകാർ തീർത്തും അക്രമാസക്തരാണെന്ന് ജയിൽ വകുപ്പ് അധികൃതർ പറയുന്നു. സെൻട്രൽ ജയിലിൽ ഇന്നലെ തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ജയിലിൽ നടന്ന ജയിൽ ദിനാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിൽ കാപ്പ തടവുകാരനായ വിവേകിൻ്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. 

YouTube video player

രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ ജയിലിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് വിവരം. സംഘര്‍ഷത്തിൽ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവേക് ഉൾപ്പെടുന്ന അ‍ഞ്ച് അംഗ സംഘവും മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്. തലയ്ക്ക് സാരമായി പരിക്കേറ്റ വിവേകിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം തിരികെ ജയിലിലേക്ക് മാറ്റി. കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ കാപ്പ തടവുകരാണ് നിലവിൽ കണ്ണൂര്‍ സെൻട്രൽ ജയിലിൽ കഴിയുന്നത്. കാപ്പ തടവുകാര്‍ തമ്മിൽ വാക്കേറ്റവും സംഘര്‍ഷവും സ്ഥിരം സംഭവമാണെന്നാണ് ജയിൽ അധികൃതര്‍ പറയുന്നത്.