പഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പഴകിയ മാംസം കണ്ടെത്തിയത്.

മാനന്തവാടി: പഴകിയതും പുഴുക്കളുള്ളതുമായ ഇറച്ചിവില്‍പന നടത്തിയ കോറോം ചോമ്പാല്‍ ബീഫ് സ്റ്റാള്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതര്‍ പൂട്ടിച്ചു. പഴകിയതും പുഴുക്കളുളളതുമായ ഇറച്ചി വിറ്റുവെന്ന പരാതിയെ തുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. സന്തോഷിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍ പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്. പരിശോധനയില്‍ പഴകിയ മാംസം കണ്ടെത്തി നശിപ്പിക്കുകയും തുടര്‍ന്ന് ബീഫ് സ്റ്റാള്‍ അടച്ചുപൂട്ടിക്കുകയും ചെയ്തു.

2019 ഒക്ടോബറിൽ മാനന്തവാടി നഗരസഭ പരിധിയിലെ എരുമ തെരുവിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മാട്ടിറച്ചി പിടികൂടിയിരുന്നു. എന്നാൽ ഈ വിവരം പുറത്തറിഞ്ഞത് ഒരു ദിവസത്തിന് ശേഷമായിരുന്നു. ഇത് വലിയ വിവാദത്തിന് വഴി വെച്ചിരുന്നു. മാരുതി തീയേറ്ററിന് സമീപത്തെ സ്റ്റാളുകളില്‍ നിന്നും എരുമത്തെരുവിലെ താല്‍ക്കാലിക മത്സ്യമാര്‍ക്കറ്റിന്റെ സമീപത്തെ ഒരു സ്റ്റാളില്‍ നിന്നുമാണ് ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ മാട്ടിറച്ചി അന്ന് പിടിച്ചെടുത്തിരുന്നത്. 

ഈ വിവരം അധികൃതര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് ഒരു ദിവസം വൈകി നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു. കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇക്കാര്യം പുറമെ ഉള്ളവര്‍ക്ക് അറിവുണ്ടായിരുന്നില്ല. തുടര്‍ന്നാണ് പരിശോധന വിവരം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ രംഗത്ത് വന്നത്.

Read More : കറി പൗഡറുകളിലെ മായം ചേര്‍ക്കൽ: പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യമന്ത്രി

വയനാട് ജില്ലാ ആശുപത്രിയിൽ എത്തിയ രോഗി നഴ്സിനെ ചവിട്ടി പരിക്കേല്‍പ്പിച്ചു, പ്രതി റിമാൻഡിൽ

കൽപ്പറ്റ: വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗി നഴ്സിനെ ചവിട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതിയെ കോടതി റിമാന്റ് ചെയ്തു. നല്ലൂര്‍നാട് സ്വദേശി ജോഷ്വാ ജോയിയെയാണ് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡ് ചെയ്തത്. സംഭവ ശേഷം ഒളിവിലായിരുന്ന ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. 

ജൂലൈ 25ന് രാത്രി പത്ത് മണിക്കാണ് കേസിന് ആസ്പദമായ സംഭവം. പനി ബാധിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് കുത്തിവെപ്പെടുക്കാൻ ശ്രമിക്കുമ്പോൾ നഴ്സിനെ ചവിട്ടിയെന്നാണ് പരാതി. പ്രതിയ്ക്കായി അടുത്ത ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് വ്യക്തമാക്കി.