ആലപ്പുഴ: ഓട്ടോ ഡ്രൈവര്‍ക്ക് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ സിഐടിയു അംഗമായ പുന്നപ്ര വടക്ക് പറവൂര്‍ പാല്യതയ്യില്‍ വീട്ടില്‍ ജോസി(27)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് 3.30-ഓടെ പറവൂര്‍ ഷാപ്പുമുക്കിന് സമീപത്തായിരുന്നു സംഭവം. 

ആഴ്ചകള്‍ക്കുമുമ്പ് പറവൂര്‍ ഗലീലിയ കടപ്പുറത്ത് നടന്ന ഫുട്‌ബോള്‍ കളിക്കിടെ ഗുണ്ടാസംഘം ജോസിനെ ആക്രമിച്ചിരുന്നു. ഇതിനെതിരേ ജോസ് പുന്നപ്ര പൊലീസില്‍ പരാതി നല്‍കി. ഇതില്‍ പ്രകോപിതരായാണ് ഇവര്‍ വീണ്ടും ആക്രമണം നടത്തിയതെന്ന് ജോസ് പറഞ്ഞു. ഇടതു കൈക്കും തോളിനും ശരീരത്താകമാനവും പരിക്കേറ്റ ഇദ്ദേഹത്തെ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.