തർക്കം നിലനിൽക്കുന്ന വഴി സ്ഥലത്തു കൂടി വാഹനം കൊണ്ടുപോകുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷം ഒരാളുടെ മരണത്തിൽ കലാശിച്ചു.

ചാരുംമൂട്: തർക്കം നിലനിൽക്കുന്ന വഴി സ്ഥലത്തു കൂടി വാഹനം കൊണ്ടുപോകുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷം ഒരാളുടെ മരണത്തിൽ കലാശിച്ചു. സംഭവത്തിനിടെയുണ്ടായ കല്ലേറിലും മർദ്ദനത്തിലും പരിക്കേറ്റാണ് ഓട്ടോ റിക്ഷാ ഡ്രൈവർ മരിച്ചത്. ചാരുംമൂട് സ്റ്റാന്റിലെ ഓട്ടോ റിക്ഷാ ഡ്രൈവർ ചുനക്കര തെക്ക് പാണംപറമ്പിൽ ദിലീപ്ഖാൻ (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ കസ്റ്റഡിയിലാണ്. 

കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ദലീപിന്റെ അടുത്ത വീട്ടിൽ നിന്നും പന്തളത്തുള്ള ബന്ധു വീട്ടിലേക്ക് ഫർണീച്ചർ കൊണ്ടുപോകാൻ ടെമ്പോ വാനിൽ അവരുടെ ബന്ധുക്കൾ എത്തിയിരുന്നു. വഴി സ്ഥലത്ത് വാഹനം തിരിക്കുന്നതിനെ ചൊല്ലി വാഹനത്തിൽ വന്നവരും ദിലീപ് ഖാനുമായി തർക്കമുണ്ടായി. 

തുടർന്ന് കല്ലേറും കല്ലുകൊണ്ടുള്ള അക്രമവും നടന്നതായാണ് വിവരം. നെഞ്ചിന് പരിക്കു പറ്റിയ ദിലീപിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ദിലീപിന്റെ നെഞ്ചിന് കല്ലു കൊണ്ടുള്ള മർദ്ദനം ഏറ്റതായാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ സഹോദരങ്ങളായ യാക്കൂബ്, സുബൈദ എന്നിവരെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു. 

സി ഐ ശ്രീജിത്തിന്റെ നേതൃത്വത്ത്വത്തിൽ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരുന്നതായി പോലീസ് പറഞ്ഞു. അൻസിയാണ് മരിച്ച ദിലീപിന്റെ ഭാര്യ. ഒന്നര വയസുള്ള മകൻ മുഹമ്മദ് അൻവർ ഖാൻ.

Read more: വിഷം കഴിച്ചു, ഭാര്യ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചു, ആറാം നിലയിൽ കയറി ആത്മഹത്യാഭീഷണി, രക്ഷകരായി ഫയർഫോഴ്സ്

അതേസമയം, കൊല്ലം ആവണിക്കോട് ട്രെയിനിടിച്ച് ബന്ധുക്കള്‍ മരിച്ചു. അപകടത്തിൽ പെട്ട യുവതിയും രക്ഷപ്പെടുത്താന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പറായ ബന്ധുവും ആണ് മരിച്ചത്. കുന്നിക്കോട് സ്വദേശിനി സജീന, വിളക്കുടി രണ്ടാം വാർഡ് മെമ്പർ റഹീംകുട്ടി എന്നിവരാണ് അപകടത്തിൽ പെട്ടത്.

റെയിൽവേ ട്രാക്കിൽ നിന്ന് സജീന പ്ലാറ്റ്ഫോമില്‍ കയറാന്‍ ശ്രമിക്കവെയാണ് അപകടം. സജീനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് റഹീംകുട്ടി മരിച്ചത്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനകത്തുകൂടിയാണ് യുവതി പ്ലാറ്റ്ഫോമില്‍ എത്താന്‍ ശ്രമിച്ചത്. അതിനിടെ മറ്റൊരു ട്രെയിന്‍ എത്തുകയായിരുന്നു. സജീന തല്‍ക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ റഹീം ആശുപത്രിയിലാണ് മരിച്ചത്.