മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയും എതിർ ദിശയിൽ നിന്ന് വന്ന കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു
മലപ്പുറം: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മലപ്പുറത്ത് രണ്ട് പേർക്ക് ഗുരുതര പരിക്ക്. മലപ്പുറം വേങ്ങര സംസ്ഥാന പാതയിൽ ചേറ്റിപ്പുറം ഇമാം ഷാഫി മസ്ജിദിന് സമീപത്താണ് ഇന്ന് രാവിലെ അപകടം നടന്നത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ചേറ്റിപ്പുറം സ്വദേശി സൈതലവി പറാഞ്ചേരി, ഓട്ടോ ഡ്രൈവറായിരുന്ന വേങ്ങര അരീക്കളം സ്വദേശി അലവിക്കുട്ടി എന്ന അബി എന്നിവർക്കാണ് പരിക്കേറ്റത്.
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് നിയന്ത്രണം വിട്ട് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ഓടിക്കൊണ്ടിരിക്കെ റോഡിലെ കുഴിയിൽ ചാടിയ ഓട്ടോറിക്ഷയുടെ മുൻഭാഗം പെട്ടെന്ന് ഉയർന്നു. ഈ സമയത്ത് എതിരെ വന്ന കാറിലേക്ക് ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപെട്ട കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിലും ഇടിച്ചു. കുഴിയിൽ വീണപ്പോൾ ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചത്. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കോട്ടയ്ക്കൽ പൊലീസ് കേസെടുത്തു.
