തൊഴിലന്വേഷിച്ച് കൊച്ചിയിലെത്തിയ യുവാവിനെ ആക്രമിച്ച് പണവും പാസ്പോർട്ടും രേഖകളുമെല്ലാം പിടിച്ചുപറിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവറെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. വയനാട് സ്വദേശിയായ ഡ്രൈവർ അബ്‌ദുൾ റഹ്മാനാണ് പിടിയിലായത്.
കൊച്ചി: തൊഴിലന്വേഷിച്ച് കൊച്ചിയിലെത്തിയ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് വച്ച് കഴിഞ്ഞ ദിവസം നടന്ന സംഭവത്തിലാണ് പൊലീസ് നടപടി. വയനാട് കണിയാമറ്റം സ്വദേശി അബ്‌ദുൾ റഹ്മാനാണ് (34) പിടിയിലായത്. എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാൻ്റിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ യുവാവിനെയാണ് ഇയാൾ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ പരാതിക്കാരൻ്റെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പരാതിക്കാരൻ്റെ കൈയ്യിലുണ്ടായിരുന്ന പണം അപഹരിച്ചുവെന്നും പാസ്പോർട്ടും മറ്റ് രേഖകളും തട്ടിപ്പറിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ യുവാവ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ എസ് ഐ എയിൻബാബുവിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്ഐ ഹരികൃഷ്‌ണൻ, സിപിഒമാരായ റിനു, അജിലേഷ്, വിപിൻ, ഷിബു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നും പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവറെ അറസ്റ്റ് ചെയ്തത്.


