എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ ഓട്ടോസ്റ്റാൻഡിൽ, രാത്രി ട്രിപ്പ് പോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ സാദിഖ് എന്ന ഡ്രൈവർക്ക് മർദ്ദനമേറ്റു.

കൊച്ചി: ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിലടിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷൻ ഓട്ടോസ്റ്റാൻ്റിലാണ് സംഭവം. ഇവിടുത്തെ ഓട്ടോറിക്ഷാ ഡ്രൈവറായ സാദിക് രാത്രി കാലങ്ങളിൽ ഓട്ടറിക്ഷയുമായി ട്രിപ്പ് നടത്തുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഇതേ സ്റ്റാൻ്റിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ ആലുവ എസ്എൻ പുരം നെടുംപിള്ളി ചാലിൽ സമീർ (42), പള്ളുരുത്തി നികത്തിൽ വലിയവീട്ടിൽ അബ്‌ദു (37) എന്നിവരും സാദികും തമ്മിലാണ് തർക്കമുണ്ടായത്. പിന്നാലെ സമീറും അബ്‌ദുവും ചേർന്ന് സാദികിനെ മർദിച്ചുവെന്നാണ് പരാതി.

സംഭവത്തിന് പിന്നാലെ സാദിക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. മർദനമേറ്റ് പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. കേസെടുത്ത എറണാകുളം ടൗൺ നോർത്ത് പൊലീസ് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നോർത്ത് പൊലീസ് സബ് ഇൻസ്പെക്‌ടർ എയിൻബാബുവിൻ്റെ നേതൃത്വത്തിൽ എസ്ഐ ഹരികൃഷ്ണൻ, സി പി ഒ-മാരായ മാഹിൻ, ദയാൽ, രജീന്ദ്രൻ, വിപിൻ, അജിലേഷ്, ഷജീർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.