കോഴിക്കോട് മുക്കം അഗസ്ത്യമുഴിയിൽ ബസിന് മുന്നിൽ വെച്ച് യാത്രക്കാരെ കയറ്റിയെന്നാരോപിച്ച് ബസ് ജീവനക്കാർ ഓട്ടോ ഡ്രൈവറെ ആക്രമിച്ചു. മണാശ്ശേരി സ്വദേശി ബാബുവിനാണ് മർദ്ദനമേറ്റത്. കഴുത്തിന് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: ബസിന് മുന്‍പില്‍ വെച്ച് യാത്രക്കാരെ കയറ്റിയെന്നാരോപിച്ച് ബസ് ജീവനക്കാര്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ചു. മുക്കം അഗസ്ത്യമുഴിയില്‍ ഇന്ന് വൈകീട്ട് ആറോടെയാണ് സംഭവമുണ്ടായത്. ആലിന്‍ചുവട്ടില്‍ ഓട്ടോ ഓടിക്കുന്ന മണാശ്ശേരി സ്വദേശി ബാബുവിനാണ് മര്‍ദ്ദനമേറ്റത്. നന്തിലത്ത് ഇലക്ട്രോണിക്‌സ് ഷോറൂമിന് മുന്‍പില്‍ വച്ച് ബാബുവിന്റെ ഓട്ടോയില്‍ രണ്ട് സ്ത്രീകള്‍ കയറിയിരുന്നു. ഈ സമയം തൊട്ടുപുറകിലായി വന്ന മുക്കം-ഓമശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന എംകെ ബസ്സിലെ ജീവനക്കാര്‍ ഓട്ടോ തടഞ്ഞുനിര്‍ത്തി ബാബുവിനെ മര്‍ദ്ദിക്കുക്കയായിരുന്നു. കഴുത്തിന് പരിക്കേറ്റ ബാബുവിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് ബാബു പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.