കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിലെ സ്ഥിരം അപകടമേഖലയിൽ വീണ്ടും അപകടം. ഓട്ടോറിക്ഷ സ്കൂട്ടറിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍ ഉള്ളിയേരി 19ാം മൈലില്‍ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിച്ച് യുവാവിന് ഗുരുതര പരിക്ക്. ഉള്ളിയേരി മൂത്തമ്മന്‍കണ്ടി സ്വദേശി അര്‍ജുനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ പെട്രോള്‍ പമ്പിന് മുന്‍വശത്തുവെച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ നാട്ടുകാര്‍ അര്‍ജുനെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. 

പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ സ്ഥലം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. നാലു മാസത്തിനിടയില്‍ നാലാമത്തെ അപകടമാണ് ഇവിടെ നടന്നത്. രണ്ടാഴ്ച മുന്‍പ് മത്സ്യം കയറ്റി വന്ന ലോറി മാര്‍ബിള്‍ കടയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായിരുന്നു. അമിത വേഗത്തിലെത്തിയ കാറിടിച്ച് ഗുരുതര പരിക്കേറ്റ കണ്ണച്ചകണ്ടി മീത്തല്‍ സ്വദേശിനി ലത ഇപ്പോഴും ചികിത്സയിലാണ്.

മാസങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ക്ലിനിക്കിന് മുന്‍വശത്തുവെച്ച് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് അയ്യപ്പന്‍കണ്ടി ആദര്‍ശിന് ജീവന്‍ നഷ്ടമായി. അടിക്കടി അപകടങ്ങള്‍ നടന്നിട്ടും ഇവിടെ റോഡില്‍ സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും സ്പീഡ് ബ്രെയ്ക്കര്‍ സ്ഥാപിക്കണമെന്നുമുള്ള തങ്ങളുടെ ആവശ്യം അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം