പഴംകുളം പാലത്തിന്റെ വടക്കുവശത്തെ കല്‍ക്കെട്ടിന്റെ രണ്ട് ചെറിയ തൂണുകള്‍ തകര്‍ത്താണ് ഓട്ടോ താഴേയ്ക്ക് മറിഞ്ഞത്...

ആലപ്പുഴ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാലത്തിന്റെ കല്‍ക്കെട്ടില്‍ നിന്ന് താഴേയ്ക്ക മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വൈക്കം തലയോലപ്പറമ്പ് മിഠായികുന്ന് താമരശ്ശേരില്‍ പരേതനായ കുഞ്ഞപ്പന്റെ മകന്‍ ടി.കെ. ഷാജി (53) യാണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഷാജിയുടെ ഭാര്യ, തിരുനല്ലൂര്‍ പുറത്തേവെളിയില്‍ രജനിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പകല്‍ രണ്ടോടെയായിരുന്നു അപകടം. തിരുനല്ലൂരിലെ രജനിയുടെ വീട്ടില്‍ നിന്ന് ഇവര്‍ തലയോലപ്പറമ്പിലേക്ക് പോകുകയായിരുന്നു. ചേര്‍ത്തല കാളികുളം - ചെങ്ങണ്ട റോഡില്‍, പഴംകുളം പാലത്തിന്റെ വടക്കുവശത്തെ കല്‍ക്കെട്ടിന്റെ രണ്ട് ചെറിയ തൂണുകള്‍ തകര്‍ത്താണ് ഓട്ടോ താഴേയ്ക്ക് മറിഞ്ഞത്.

ഏതാണ്ട് 16 അടിയോളം താഴ്ചയിലുള്ള കുറ്റിക്കാട്ടിലേയ്ക്കാണ് ഓട്ടോ വീണത്. രജനിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഷാജിയെ ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനിയെ പിന്നീട് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷാജിയുടെ അമ്മ: പെണ്ണമ്മ. മക്കള്‍: യദുകൃഷ്ണന്‍, വിദുകൃഷ്ണന്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍). ഷാജിയുടെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌ക്കാരം തിങ്കളാഴ്ച നാലിന് വീട്ടുവളപ്പില്‍.