നാടന്‍ നേന്ത്രക്കായ തൊലി നീക്കി കനം കുറച്ച് അരിഞ്ഞ് മഞ്ഞള്‍ വെള്ളത്തിലിട്ട് കറ കളഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുന്നതാണ് ഇവിടത്തെ രീതി

തൃശൂര്‍: നേന്ത്രക്കായ വില കുറഞ്ഞെങ്കിലും ഓണത്തിന് കായ ചിപ്സ് കഴിക്കണമെങ്കില്‍ കാണം വില്‍ക്കേണ്ടി വരും. കായ വറവിനും ശര്‍ക്കര ഉപ്പേരിക്കും ഓണ വിപണിയില്‍ ഇക്കുറി പൊള്ളുന്ന വിലയാണ്. ഇത്തവണ കായ വറവിന് 560-600 രൂപയും നാലു നുറുക്കിന് 540-560 രൂപയും ശര്‍ക്കര ഉപ്പേരിക്ക് 580 രൂപയുമാണ് കിലോയ്ക്ക് വില. ചിപ്‌സ് വിപണിയില്‍ പുതിയ തരംഗമായി മുന്നേറുന്ന പഴം ചിപ്‌സിന് കിലോയ്ക്ക് 480 രൂപയാണ്. നേന്ത്രക്കായയുടേയും വെളിച്ചെണ്ണയുടേയും വില കുറഞ്ഞെങ്കിലും ചിപ്‌സ് പൊള്ളുമെന്ന് ചുരുക്കം.

പൊള്ളാച്ചി, ആര്‍.വി. പുതൂര്‍, കൊഴിഞ്ഞാമ്പാറ, വേലന്താവളം മേഖലയില്‍ നിന്ന് ഓണത്തിന് മുന്നോടിയായി നേന്ത്രക്കായ യഥേഷ്ടം വന്നതോടെയാണ് വിപണിയില്‍ അതിന്റെ വില കുറഞ്ഞത്. വെളിച്ചെണ്ണ വിലയും മുപ്പത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ തൃശൂര്‍, പട്ടിക്കാട് മേഖലയില്‍ നിന്നുള്ള നാടന്‍ കായയാണ് ചിപ്‌സ് നിര്‍മ്മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. കിഴക്കന്‍ കായയേക്കാളും ഇതിന് ഗുണം കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു.മറ്റിടങ്ങളില്‍ നിന്ന് ചിപ്‌സ് ധാരാളമായി വരുന്നുണ്ടെങ്കിലും ഓണവിപണിയില്‍ ആലത്തൂര്‍ ചിപ്‌സ് തന്നെയാണ് താരം.

ബീഡി വ്യവസായത്തിന്റെ നല്ല കാലത്ത്, അര നൂറ്റാണ്ട് മുമ്പാണ് ആലത്തൂരിലെ ചിപ്‌സ് നിര്‍മ്മാണം പേരെടുത്തത്. രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ക്കെല്ലാം ആലത്തൂര്‍ ചിപ്‌സ് രുചിയുടെ പര്യായമായി മാറി. നാടന്‍ നേന്ത്രക്കായ തൊലി നീക്കി കനം കുറച്ച് അരിഞ്ഞ് മഞ്ഞള്‍ വെള്ളത്തിലിട്ട് കറ കളഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുന്നതാണ് ഇവിടത്തെ രീതി. കായ നേരിട്ട് അരിഞ്ഞ് വെളിച്ചെണ്ണയില്‍ ഇടാറില്ല. അതു തന്നെയാണ് രുചിയിലുള്ള മാറ്റമെന്ന് വ്യാപാരികള്‍ പറയുന്നു. വെളിച്ചെണ്ണ ആവര്‍ത്തിക്കുന്ന രീതിയോ വില കുറഞ്ഞ മറ്റ് സസ്യ എണ്ണകള്‍ ഉപയോഗിക്കുന്ന രീതിയോ ഇല്ല. ഗുണമേന്മ നിലനിര്‍ത്താന്‍ ഇത്തരം കാര്യങ്ങള്‍ പാലിക്കുമ്പോള്‍ വില കുറച്ച് നല്‍കാനാവില്ലെന്നാണ് അവരുടെ വിശദീകരണം.

ഓണം സീസണിനു പുറമേ ശബരിമല സീസണും ആലത്തൂര്‍ ചിപ്‌സിന് നല്ല കാലമാണ്. ശബരിമല ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന അന്യസംസ്ഥാനത്തെ തീര്‍ഥാടകര്‍ ആലത്തൂരില്‍ വണ്ടി നിര്‍ത്തി ചിപ്‌സ് വാങ്ങിക്കൊണ്ടുപോകും. വില അല്‍പം കൂടിയാലും ഇത്തവണയും ചിപ്‌സിന് ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം