വെർച്വൽ അറസ്റ്റിലൂടെ വീട്ടമ്മയുടെ പണം തട്ടാനുള്ള ശ്രമമാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ പൊളിഞ്ഞത്. തിരുവല്ല മഞ്ഞാടി സ്വദേശിയായ 68 കാരിയെ രണ്ടുദിവസമാണ് തട്ടിപ്പ് സംഘം വീഡിയോ കോൾ വഴി വെർച്വൽ അറസ്റ്റിൽ വെച്ചത്.

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ സൈബർ തട്ടിപ്പ് പൊളിച്ച് ബാങ്ക് ഉദ്യോഗസ്ഥർ. വെർച്വൽ അറസ്റ്റിലൂടെ വീട്ടമ്മയുടെ പണം തട്ടാനുള്ള ശ്രമമാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ പൊളിഞ്ഞത്. തിരുവല്ല മഞ്ഞാടി സ്വദേശിയായ 68 കാരിയെ രണ്ടുദിവസമാണ് തട്ടിപ്പ് സംഘം വീഡിയോ കോൾ വഴി വെർച്വൽ അറസ്റ്റിൽ വെച്ചത്. പിന്നാലെ തട്ടിപ്പ് സംഘത്തിന് പണം കൈമാറാൻ വീട്ടമ്മ ബാങ്കിലെത്തി. എഫ്ഡി പിൻവലിച്ച് തട്ടിപ്പുകാർ നൽകിയ അക്കൗണ്ടിലേക്ക് മാറാൻ നടപടികൾ സ്വീകരിച്ചു. ഇതിനിടെ സംശയം തോന്നിയ ബാങ്ക് ജീവനക്കാർ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് തട്ടിപ്പ് സംഘത്തിൻ്റെ എന്ന് മനസ്സിലാക്കുകയായിരുന്നു. 21 ലക്ഷത്തിലധികം രൂപ തട്ടാനാണ് തട്ടിപ്പ് സംഘം ശ്രമിച്ചത്. 

സംഭവത്തെ കുറിച്ച് ബാങ്ക് ജീവനക്കാര്‍ പറയുന്നത് ഇങ്ങനെ:

നിക്ഷേപമെല്ലാം കാലാവധി തിരുന്നതിന് മുമ്പ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് 68 കാരിയായ വീട്ടമ്മ ബാങ്കിലെത്തിയത്. എഫ്ഡി പിൻവലിച്ച് പണം ദില്ലിക്ക് അയക്കണമെന്നും ഫ്ലാറ്റ് വാങ്ങിക്കുന്നതിനാണ് എന്നുമാണ് വീട്ടമ്മ പറഞ്ഞത്. പിന്നാലെ എഫ്ഡി മുഴുവന്‍ പിന്‍വലിച്ചു. പക്ഷേ, പണം അയക്കാന്‍ മക്കളുടെ അക്കൗണ്ട് നമ്പറിന് പകരം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അക്കൗണ്ടായിരുന്നു തന്നത്. സംശയം തോന്നിയപ്പോള്‍, അക്കൗണ്ട് നമ്പര്‍ അയച്ച് തന്ന ചാറ്റ് കാണിക്കാമോ എന്ന് ചോദിച്ചു. വിറക്കുന്ന കൈകളോടെയാണ് അവര്‍ ഫോണിലെ ചാറ്റ് കാണിച്ച് തന്നത്. ചാറ്റ് നോക്കിയപ്പോള്‍ സുപ്രീംകോടതിയുടെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെയും കത്തുകളുടെ ഫോട്ടോ ആണ് കണ്ടത്. ഇത് കണ്ടപ്പോള്‍ തന്നെ സസൈബര്‍ തട്ടിപ്പ് ആണെന്ന് മനസിലായി. വിവരം വീട്ടമ്മയെ അറിയിക്കുകയായിരുന്നു.

YouTube video player